കല്‍പ്പറ്റ: പുത്തുമലയില്‍ അവസാനം കണ്ടെത്തിയ മൃതദേഹം പുത്തുമല സുവര്‍ണ്ണയില്‍ ലോറന്‍സിന്റെ ഭാര്യ ഷൈലയുടേത് തന്നെ എന്ന് സ്ഥിരീകരിച്ച് ഡി.എന്‍.എ പരിശോധന ഫലമെത്തി. ഇതോടെ ഇന്ന് തന്നെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളിലാണ് ബന്ധുക്കള്‍. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

ഫലം ഔദ്യോഗികമായി ഇന്നാണ് അധികൃതര്‍ പുറത്തുവിട്ടത്. മേപ്പാടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍. ദുരന്തത്തില്‍ രണ്ട് സ്ത്രീകളെ കാണാതായതും മൃതദേഹം അഴുകി തിരിച്ചറിയാനാകാത്ത വിധത്തിലായതും കാരണമാണ് ഡി.എന്‍.എ പരിശോധന വേണ്ടി വന്നത്. അതേ സമയം നബീസയടക്കം കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏതാനും ദിവസം മുമ്പ് ജില്ലാഭരണകൂടം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു.