Asianet News MalayalamAsianet News Malayalam

എറണാകുളത്ത് 'നിപ'യില്ല: ഭീതി പരത്തരുത്, പ്രചാരണം തെറ്റെന്ന് ആരോഗ്യമന്ത്രിയും ജില്ലാ കളക്ടറും

എറണാകുളത്തെ രോഗിക്ക് 'നിപ ബാധ'യുണ്ടെന്ന പ്രചാരണം തെറ്റാണെന്നും, പ്രാഥമിക പരിശോധനയിൽ രോഗബാധയില്ലെന്ന് തന്നെയാണ് വ്യക്തമായിട്ടുള്ളതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 

do not be panic on nipah in ernakulam no reports are confirming it says health minister kk shailaja
Author
Ernakulam, First Published Jun 2, 2019, 3:48 PM IST

തിരുവനന്തപുരം: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്ക് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചെന്ന വിവരം തെറ്റാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയും. നിലവിൽ രോഗിയുടെ സാംപിൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. രോഗിക്ക് പ്രാഥമിക പരിശോധനയിൽ 'നിപ' ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

''ഈ വിവരം അറിഞ്ഞ ഉടൻ തന്നെ ഡോക്ടർമാരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിരുന്നു. ഐസൊലേഷൻ സംവിധാനം ഒരുക്കുകയും ചെയ്തതാണ്. ഇത് രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും നൽകുന്ന ജാഗ്രതാ നിർദേശങ്ങളാണ്. പക്ഷേ, ഇതുവരെ വന്ന എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗിക്ക് നിപ ആവാൻ വിദൂരസാധ്യത മാത്രമാണ് കാണുന്നത്'', ആരോഗ്യമന്ത്രി അറിയിച്ചു.

നിലവിൽ 'നിപ' വരാൻ സാധ്യതയുള്ള സീസൺ കഴിയാറായത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗബാധ ഇല്ലാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുത്തതാണ്. ഇനി ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകൾ കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. 

'നിപ' മാത്രമല്ല, എല്ലാ പകർച്ചവ്യാധികളും തടയാനുള്ള മുൻകരുതലുകളും ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ജനങ്ങൾ ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, എറണാകുളം ജില്ലയിൽ 'നിപ' വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയും അറിയിച്ചു. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടർ വ്യക്തമാക്കി.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പനിയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാൾക്ക് നിപ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. 

ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു

പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല

പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്.

ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

Follow Us:
Download App:
  • android
  • ios