സി പി എമ്മാണ് ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നത്. പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ലെന്ന് സി പി എം പറയുന്നു. ഗവർണറെ അംഗീകരിക്കുന്നില്ല
തിരുവനന്തപുരം: ഫെഡറൽ തത്വം പറഞ്ഞ് തന്നെ സിപിഎം വിരട്ടാൻ നോക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കെ റെയിലിൽ കിടപ്പാടം നഷ്ടപ്പെടുന്നവരെ താൻ ഇനിയും കാണും. അതിൽ സിപിഎം എന്തിനാണ് വേവലാതിപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. അപ്പർ ക്ലാസ് മാന്യന്മാരുമായല്ല സാധാരണക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തൂവെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
സി പി എമ്മാണ് ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നത്. പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ലെന്ന് സി പി എം പറയുന്നു. ഗവർണറെ അംഗീകരിക്കുന്നില്ല. കെ. റെയിൽ മുഖേന കിടപ്പാടം നഷ്ടപ്പെടുന്നവരെ ഇനിയും കാണും. അതിന് സി പി എം എന്തിനാണ് വേവലാതിപ്പെടുന്നത്? താൻ കേരളത്തിന് എന്തു ചെയ്തുവെന്ന് അറിയണമെങ്കിൽ യുക്രൈനിൽ നിന്നും തിരിച്ചെത്തിയവരോടും സീ ഷെൽസിൽ നിന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളോടും ചോദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനത്തിനും ഡിപിആറിനും മാത്രമാണ് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയത്. ആരു പറഞ്ഞിട്ടാണ് കല്ല് സ്ഥാപിക്കുന്നത്? ആശങ്ക പരത്തുനത് താനല്ല. മഞ്ഞ കല്ലുമായി നടക്കുന്നവരാണ് ഭീതി പരത്തുന്നത്. കുട്ടിക്ക് മുന്നിൽ അമ്മയെ വലിച്ചിഴച്ചിട്ട് അമ്മക്കെതിരെ കേസടുക്കുന്നവരാണ് ഭീതി പരത്തുന്നത്. സർവ്വേക്കെന്തിനാണ് മഞ്ഞ കല്ലെന്നും കേന്ദ്ര സഹമന്ത്രി ചോദിച്ചു.
ഇപ്പോഴും ഡി പി ആർ വ്യക്തമല്ല. ശീതീകരിച്ച മുറിയിലിരുന്നാണ് മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചർച്ച നടത്തുന്നത്. ഞാൻ നടന്നാണ് വീടുകളിൽ പോകുന്നത്. സർക്കാർ വാഹനത്തിലാണ് പോകുന്നത്. ഫെഡറൽ തത്വം പറഞ്ഞൊന്നും വിരട്ടേണ്ട. ഞാൻ ഒരു സാധാരണക്കാരനാണ്. സുഭാഷ് ചന്ദ്രബോസിനെ പോലും അധിക്ഷേപിച്ചവരാണ് സി പി എമ്മുകാർ.
ജനങ്ങളെ കൈയും കാലും കൂട്ടിപ്പിടിച്ച് മാറ്റിയിട്ടല്ല വികസനം നടപ്പാക്കേണ്ടത്. പദ്ധതിയെ കുറിച്ച് റെയിൽവേ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മറിച്ചാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെങ്കിൽ എന്തുകൊണ്ട് ഇടത് എംപിമാർ പാർലമെന്റിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയില്ല? അപ്പർ ക്ലാസ് മാന്യന്മാരുമായുളള ചർച്ച ഉപേക്ഷിച്ച് മുഖ്യമന്ത്രി സാധാരണക്കാരെ കണ്ട് സംസാരിക്കൂ.
മണ്ണെണ്ണ വില വർധനവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്ന് വി മുരളീധരൻ അറിയിച്ചു. താൻ വീട് സന്ദർശിച്ചപ്പോൾ ഒരു കൗൺസിലറുടെ വീട്ടുകാർ മാത്രമാണ് പ്രതിഷേധിച്ചത്. സിപിഎമ്മുകാരടക്കം പദ്ധതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
