കിടപ്പ് രോഗിയായ സുധീർ റസിഡന്റ് ഡോക്ടർമാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി

തിരുവനന്തപുരം: ഡോക്ടർമാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ രോഗിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയായിരുന്നു സുധീർ. കിടപ്പ് രോഗിയായ സുധീർ റസിഡന്റ് ഡോക്ടർമാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ചികിത്സ സംബന്ധിച്ച തർക്കത്തെ തുടർന്ന് ഡോക്ടർമാരെ സുധീർ ഷർട്ടിൽ പിടിച്ച് തള്ളിയെന്നാണ് പരാതി. അറസ്റ്റ് ചെയ്യപ്പെട്ടതോടെ സുധീർ പൊട്ടിക്കരഞ്ഞു. പൊലീസ് ജീപ്പിലിരുന്നും ഇയാൾ കരയുകയായിരുന്നു.

YouTube video player

അതിനിടെ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് വിജ്ഞാപനം പുറത്തിറങ്ങി. ആരോഗ്യരക്ഷാ സ്ഥാപനങ്ങളിലെ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ തുടങ്ങിയവരെ നിയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഭേദഗതി. ആരോഗ്യപ്രവർത്തകർക്കെതിരായ വാക്കാലുള്ള അപമാനവും നിയമപ്രകാരം കുറ്റകരമായിരിക്കും. അധിക്ഷേപിക്കണമെന്നോ, അവഹേളിക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെയുള്ള വാക്കുകളാണ് കുറ്റകരം. ഇതിന് മൂന്ന് മാസം വരെ തടവോ, 1000 രൂപ പിഴയോ അല്ലെങ്കിലും രണ്ടും ചേർന്നോ ശിക്ഷ അനുഭവിക്കേണ്ടി വരും. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമക്കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. വിചാരണ പൂർത്തിയാക്കാനായില്ലെങ്കിൽ അതിനുള്ള കാരണം കോടതി രേഖപ്പെടുത്തണം. ഈ കേസുകൾ കൈകാര്യം ചെയ്യാനായി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയോഗിക്കും.