ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കേ മരിച്ച രാജ്കുമാറിന് മർദ്ദനമേറ്റിട്ടുണ്ടെന്ന്  പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി. രാജ്‍കുമാറിന്‍റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടായിരുന്നെന്നും മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നെന്നും ഡോക്ടര്‍ മൊഴി നല്‍കി. ജൂണ്‍ 19 ന് ഒ പി ടിക്കറ്റെടുത്തതിന് രേഖകളുണ്ടെങ്കിലും ചികിത്സിച്ചതിന് രേഖകളില്ല. 

രാജ്‍കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്നായിരുന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു.