Asianet News MalayalamAsianet News Malayalam

'വീണ്ടും വീണ്ടും അമ്പരപ്പിച്ച് തരൂര്‍'; ആദ്യ തെര്‍മല്‍ സ്‌ക്രീനിങ് ക്യാമറ എത്തിച്ചതിനെ അഭിനന്ദിച്ച് ഡോക്ടര്‍

എംപി ഫണ്ട് തീര്‍ന്നതിനാല്‍ മറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോര്‍ത്ത് കൂടുതല്‍ കാമറകള്‍ എത്തിക്കാനും എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും മെഡിക്കല്‍ കോളേജിലും ഇന്‍സ്റ്റാള്‍ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്നാണ് തരൂര്‍ പറയുന്നതെന്നും നെല്‍സണ്‍ കുറിക്കുന്നു.

doctor nelson joseph facebook post about shashi tharoor mp
Author
Thiruvananthapuram, First Published May 3, 2020, 5:47 PM IST

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ ക്യാമറ എത്തിച്ച ശശി തരൂർ എംപിയെ അഭിനന്ദിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. വീണ്ടും വീണ്ടും ശശി തരൂര്‍ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമുണ്ടാവാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും സംവിധാനമുണ്ടായിരുന്നുവെങ്കില്‍ നല്ലതായിരുന്നുവെന്ന് കളക്ടര്‍ പറയുന്നതാണ് തുടക്കമെന്നും പിന്നാലെയാണ് ശശി തരൂര്‍ ഇതിന് വേണ്ടി പ്രയത്‌നിച്ചതെന്നും നെല്‍സണ്‍ കുറിക്കുന്നു.

എംപി ഫണ്ട് തീര്‍ന്നതിനാല്‍ മറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോര്‍ത്ത് കൂടുതല്‍ കാമറകള്‍ എത്തിക്കാനും എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും മെഡിക്കല്‍ കോളേജിലും ഇന്‍സ്റ്റാള്‍ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്നാണ് തരൂര്‍ പറയുന്നതെന്നും നെല്‍സണ്‍ കുറിക്കുന്നു. ഇതിന് മുമ്പ് ശശി തരൂർ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമ്പരപ്പിക്കുകയാണ് തരൂർ..

വീണ്ടും വീണ്ടും..

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് കാമറ എം.പി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ച വിവരം അല്പം മുൻപാണ് തരൂർ അറിയിച്ചത്.

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലുമുണ്ടാവാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും സംവിധാനമുണ്ടായിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് കളക്ടർ പറയുന്നതാണ് തുടക്കം.

തെർമൽ കാമറകൾ ഏഷ്യയിൽ കിട്ടാനില്ല . അപ്പോഴെന്തു ചെയ്യും?

ആംസ്റ്റർഡാമിൽ നിന്ന് വാങ്ങി ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് DHL ൻ്റെ പല ഫ്ലൈറ്റുകളിലൂടെ - പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹറിൻ, ദുബായ് - ബാംഗലൂരുവിലേക്ക്..അതിനിടയിൽ കോർഡിനേറ്റ് ചെയ്യുന്നത് ഒന്നിലേറെയാളുകളാണ്.

എം.പി ഫണ്ട് തീർന്നതിനാൽ മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ കാമറകൾ എത്തിക്കാനും എയർപോർട്ടിലും റെയിൽ വേ സ്റ്റേഷനിലും മെഡിക്കൽ കോളജിലും ഇൻസ്റ്റാൾ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്ന് തരൂർ പറയുന്നു...

ഇതിനു മുൻപ് ഒൻപതിനായിരത്തിൽ ഒൻപതിനായിരം പി.പി.ഇ കിറ്റുകളും എത്തിച്ചിരുന്നു തരൂർ..

അതിനു മുൻപ് മൂവായിരം ടെസ്റ്റിങ്ങ് കിറ്റുകൾ യാത്രാവിമാനമില്ലാത്ത സമയത്ത് ലോക്ക് ഡൗണിനിടയിലൂടി വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ച് എത്തിച്ചിരുന്നു.

ഒരു കോടി രൂപ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകൾ വികസിപ്പിക്കാൻ നൽകിയത് ഉപയോഗിച്ച് അവർ നടത്തിയ കണ്ടെത്തലുകൾ ഐ.സി.എം ആർ അംഗീകാരം കാത്തിരിക്കുന്നു.

അതിനു മുൻപ് എത്തിച്ച തെർമൽ സ്കാനറുകളും മറ്റ് ഉപകരണങ്ങളും വേറെ. ഇതിനെല്ലാം പുറമെ അതിഥി തൊഴിലാളികൾക്ക് എത്തിച്ചുകൊടുത്ത സഹായങ്ങൾ വേറെ.

അതിനിടയിൽ കേന്ദ്ര സർക്കാരിൻ്റെ കുത്തഴിഞ്ഞ നയങ്ങളെ വിമർശിക്കുന്നത് അടക്കം തിരുത്തലുകളും..

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ വിശ്വപൗരനെ തോൽപ്പിച്ചിരുന്നെങ്കിലോ? ഒന്ന് ആലോചിച്ച് നോക്കിക്കേ?

ഒരേയൊരു പേര്

ഡോ.ശശി തരൂർ.

Follow Us:
Download App:
  • android
  • ios