മലപ്പുറം: മലപ്പുറം പുറത്തൂരില്‍ കൊവിഡ് രോഗി മരിച്ചത് വെന്റിലേറ്റർ സൗകര്യം കിട്ടാത്തത് കൊണ്ടെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ശനിയാഴ്ച തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. ജില്ലാ കൺട്രോൾ റൂമിലും ഇക്കാര്യം ഡോക്ടർമാർ അറിയിച്ചിരുന്നുവെന്ന് ഡോക്ടർ മുജീബ് റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രോഗികളുടെ ബന്ധുക്കൾ സമൂഹമാധ്യമങ്ങളിലും വെന്റിലേറ്റർ സൗകര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. വെന്റിലേറ്റർ സൗകര്യം കിട്ടാത്തതോടെ ഇന്നലെ രാത്രി നില വഷളാവുകയും പിന്നാലെ രോഗി മരിക്കുകയുമായിരുന്നുവെന്നും വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മുജീബ് റഹ്മാൻ പറഞ്ഞു. 

മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമയുടെ മരണത്തെച്ചൊല്ലിയാണ് വിവാദം. വെന്‍റിലേറ്റര്‍ കിട്ടാതെയാണ് മരിച്ചതെന്ന് ആദ്യം പരാതി ഉയര്‍ത്തിയ ബന്ധുക്കള്‍ വിഷയം വാര്‍ത്ത വന്നതോടെ മതിയായ ചികില്‍സ കിട്ടിയെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona