Asianet News MalayalamAsianet News Malayalam

വയനാട്ടിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

doctor terminated after infant death at wayanad kgn
Author
First Published Apr 1, 2023, 10:20 AM IST

മാനന്തവാടി: വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദന്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്. അനീമിയയും, പോഷകാഹാരകുറവും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ഇത്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്.  ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധനകൾക്ക് വിധേയമാക്കിയില്ല.  അഡ്മിറ്റ് ചെയ്യാതെ പനിയ്ക്കുള്ള മരുന്നുകൾ നൽകി വീട്ടിലേക്ക് മടക്കി അയച്ചു. തൊട്ടടുത്ത ദിവസം കുട്ടി മരിക്കുകയും ചെയ്തു.

വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിലും കാരാക്കാമല ഹെൽത്ത് സെന്‍ററിലും നേരത്തെ കുട്ടി ചികിത്സ തേടിയിരുന്നു. ഇവിടെയുള്ള ജീവനക്കാരും കുട്ടിയെ വേണ്ട രീതിയിൽ പരിചരിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. വീട്ടിൽ കുത്തിവെപ്പിനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരാണ്  കുഞ്ഞിന്റെ ആരോഗ്യ നില കണ്ട് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിക്കണമെന്ന് കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് ട്രൈബൽ വകുപ്പ് അനുവദിച്ച ആംബുലന്‍സിൽ കുഞ്ഞിനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഗൗരവത്തിലെടുത്തില്ല. 

സംഭവത്തിൽ വയനാട് ഡിഎംഒ പ്രാഥമിക അന്വേഷണം നടത്തി. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന് റിപ്പോർട്ട് സമർപ്പിച്ചു. വെള്ളമുണ്ട ഫാമലി ഹെൽത്ത് സെന്‍ററിലെ 2 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായോയെന്ന് കണ്ടെത്തൽ ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനും അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയുടെ  ആരോഗ്യ നില തൃപ്തികരമായത് കൊണ്ടാണ് മരുന്ന് നൽകി വീട്ടിലേക്ക് അയച്ചതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ വാദം. ഇത് തൃപ്തികരമല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഡോക്ടറെ പിരിച്ചുവിട്ടത്.

Follow Us:
Download App:
  • android
  • ios