നവജാത ശിശുമരണവും ഗർഭസ്ഥ ശിശുമരണവും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണ് അട്ടപ്പാടി. ഇവിടെയാണ് പകരം നിയമനം നടത്താതെ ഡോക്ടർമാരെ കൂട്ടമായി സ്ഥലം മാറ്റിയിരിക്കുന്നത്.

പാലക്കാട്: അട്ടപ്പാടിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്.
പകരം ഡോക്ടർമാർ എത്താത്തതിനാൽ ആദിവാസികൾ ഉൾപ്പെടെ രോഗികൾ ദുരിതത്തിലാണ്. അടുത്തയാഴ്ചയോടെ പുതിയ ഡോക്ടർമാർ എത്തുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.

നവജാത ശിശുമരണവും ഗർഭസ്ഥ ശിശുമരണവും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണ് അട്ടപ്പാടി. ഇവിടെയാണ് പകരം നിയമനം നടത്താതെ ഡോക്ടർമാരെ കൂട്ടമായി സ്ഥലം മാറ്റിയിരിക്കുന്നത്. കോട്ടത്തറ ആശുപത്രിയിൽ നാല് ശിശുരോഗ വിദഗ്ധരാണ് വേണ്ടത്. മൂന്ന് ഡോക്ടർമാരാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ സ്ഥലം മാറി പോയി. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോഴുള്ളത്. രണ്ട് ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ സ്ഥലം മാറി പോയി. ജനറൽ മെഡിസൻ വിഭാഗത്തിലെ ഒരു ഡോക്ടർ, അത്യാഹിത വിഭാഗത്തിലെ മൂന്ന് ഡോക്ടർമാർ, വാർഡിലെ രണ്ട് ഡോക്ടർമാരും സ്ഥലമാറ്റ പട്ടികയിലുണ്ട്. 

Also Read: ബലി പെരുന്നാൾ; സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി

ഡോക്ടർക്ക് 24 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാൽ മറ്റുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. 12 കൊടും വളവുകളുള്ള അട്ടപ്പാടി ചുരം കടന്ന് 50 കിലോമീറ്റർ വേണം മണ്ണാർക്കാട്ടെ ആശുപത്രിയിലെത്താൻ. പാലക്കാട് നഗരത്തിലുള്ള ജില്ലാ ആശുപത്രിയിലെത്താൻ രണ്ടര മണിക്കൂർ സഞ്ചരിക്കണം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഏഴ് ഡോക്ടർമാർക്കും സ്ഥലമാറ്റമാണ്. ഹെഡ് നേഴ്സുമാരെ മാറ്റിയിട്ടും പകരം നിയമനമായിട്ടില്ല.

Also Read: ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറി; പൊലീസ് തലപ്പത്ത് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, തീരുമാനം മന്ത്രിസഭ യോഗത്തില്‍

ശിശുമരണം കൂടുതലായിരുന്ന അട്ടപ്പാടിയിൽ ആരോഗ്യ പ്രവർത്തകരുടെ ഇടപ്പെടൽ മൂലം നവജാത - ഗർഭസ്ഥ ശിശു മരണങ്ങൾ വലിയൊരളവിൽ കുറയ്ക്കാനായിട്ടുണ്ട്. ഡോക്ടർമാരുടെ കൂട്ട സ്ഥലമാറ്റത്തോടെ അട്ടപ്പാടിയിൽ വീണ്ടും ശിശു മരണ നിരക്ക് കൂടുമോയെന്ന ആശങ്കയിലാണ് ആദിവാസികൾ.

YouTube video player