തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ നഴ്സുമാരുടെ സമരം തുടരുകയാണ്. നാളെ തിരുവനന്തപുരത്ത് നഴ്സുമാർ കരിദിനം ആചരിക്കും.

മൂന്ന് പേരുടെയും സസ്പെന്ഷന് പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ഡോക്ടർമാരും നഴ്സുമാരും ഒന്നിച്ച് റോഡ‍ിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നാണ് കെജിഎംസിടിഎയുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികളെല്ലാം നിർത്തിവയ്ക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. 

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്നുപേരെയാണ് ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. നോഡല്‍ ഓഫീസര്‍ ഡോ അരുണയ്ക്കും രണ്ട് ഹെഡ് നഴ്‍സുമാര്‍ക്കുമാണ് സസ്പെന്‍ഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണം ചുമതല നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സർക്കാർ നിർദ്ദേശം.