സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കെ സുധാകരന്‍ ഇടഞ്ഞ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ പോരാട്ടം കനക്കുകയാണ്. സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി ഒ മോഹനനായി പ്രചാരണത്തിന് സജീവമായതോടെ, കഴിഞ്ഞ രണ്ട് തവണയും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച എല്‍ഡിഎഫിന്റെ കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമായേക്കില്ല. 

കണ്ണൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് 'കെ എസ്' അഥവാ കെ സുധാകരന്‍ ഇടഞ്ഞ കണ്ണൂരില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കണ്ണൂരിലെ അധികായനായ കെ സുധാകരന്‍ കണ്ണൂരില്‍ സീറ്റ് വേണമെന്ന് വാശി പിടിച്ചതോടെയാണ് ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പേ കണ്ണൂര്‍ മണ്ഡലം വാര്‍ത്തകളില്‍ വലിയ ഇടം പിടിച്ചത്. ഒടുവില്‍, ഹൈക്കമാന്‍ഡിന്‍റെ ഇടപെടലിന് മുന്നില്‍ സുധാകരന്‍ കീഴടങ്ങി. മണ്ഡലത്തില്‍ പിന്നാലെ പ്രചാരണത്തില്‍ സജീവമാവുകയും ചെയ്‌തു കെ സുധാകരന്‍. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇ‌‌ഞ്ചോടിഞ്ച് മത്സരമാണ് കണ്ണൂര്‍ മണ്ഡലത്തില്‍ നടന്നത്. ഇത്തവണയും പോരാട്ടം കടുക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച എല്‍ഡിഎഫിന്‍റെ കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് മണ്ഡലം സൂചിപ്പിക്കുന്നത്.

കടന്നുകൂടുമോ കടന്നപ്പള്ളി?

കോണ്‍ഗ്രസ് കുപ്പായത്തില്‍ എ പി അബ്‌ദുള്ളക്കുട്ടിയുടെ വിജയവും കടന്നപ്പള്ളി രാമചന്ദ്രന്‍റെ തിരിച്ചുവരവും സതീശന്‍ പാച്ചേനിയുടെ കണ്ണീരും കണ്ട നിയമസഭ മണ്ഡലമാണ് കണ്ണൂര്‍. 2011-ല്‍ കടന്നപ്പള്ളിയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ഥി അബ്‌ദുള്ളക്കുട്ടി കണ്ണൂരില്‍ നിന്ന് വിജയിച്ചു. 2016-ലും 2021-ലും ജില്ലയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവായിരുന്ന സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിലെത്തി. വീണ്ടുമൊരിക്കല്‍ക്കൂടി കടന്നപ്പള്ളി രാമചന്ദ്രനാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി. കേരളത്തില്‍ കോണ്‍ഗ്രസ് എസിന്‍റെ ഏക സീറ്റ് കൂടിയാണ് കണ്ണൂര്‍ നിയമസഭ മണ്ഡലം.

കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സീറ്റ് ലഭിക്കാനായി ദില്ലിയില്‍ തമ്പടിച്ച സുധാകരന്‍ ഹൈക്കമാന്‍ഡിനെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു. കണ്ണൂര്‍ ജില്ലയിലടക്കം വിവിധ മണ്ഡലങ്ങളില്‍ തനിക്ക് സ്വാധീനം ചൊലുത്താന്‍ കഴിയും എന്ന് പറഞ്ഞായിരുന്നു സുധാകരന്‍റെ ഭീഷണി. എന്നാല്‍, ഒടുവില്‍ എ കെ ആന്‍റണി ഇടപെട്ടതോടെ സുധാകരന്‍ സ്ഥാനാര്‍ഥി മോഹം ഉപേക്ഷിച്ച് അയയുകയായിരുന്നു. കണ്ണൂര്‍ മുന്‍ മേയര്‍ കൂടിയായ അഡ്വ. ടി ഒ മോഹനന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജില്ലയിലെ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളാണ് ടി ഒ മോഹനന്‍. കോണ്‍ഗ്രസിന്‍റെ കണ്ണൂര്‍ ഡിസിസി മുന്‍ സെക്രട്ടറിയും ഇപ്പോള്‍ ബിജെപി അംഗവുമായ സി രഘുനാഥാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

സുധാകരന്‍ ഇഫക്‌ട് കണ്ണൂരിലെ ഫലത്തെ സ്വാധീനിക്കുമോ?

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞടുപ്പിലും രണ്ടായിരത്തില്‍ താഴെ ഭൂരിപക്ഷമേ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനുള്ളൂ. 2016-ല്‍ 1,196 ഉം, 2021-ല്‍ 1,745 ഉം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് കടന്നപ്പള്ളി കടന്നുകൂടിയത്. അതിനാല്‍ തന്നെ ടി ഒ മോഹനന് വലിയ സാധ്യത കണ്ണൂരില്‍ കല്‍പിക്കപ്പെടുന്നുണ്ട്. സ്ഥാനാര്‍ഥി മോഹം ഉപേക്ഷിച്ച കെ സുധാകരന്‍ പ്രചാരണ രംഗത്ത് സജീവമായത് തുണയ്‌ക്കുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 26,030 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു. അതേസമയം, ബിജെപി സ്ഥാനാര്‍ഥി കെ രഘുനാഥ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലും 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തിലും മത്സരിച്ചയാളാണ്. കെ സുധാകരന്‍റെ അനുയായി കൂടിയായിരുന്നു അദേഹം. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ 16,975 വോട്ടുകളാണ് നേടിയത്. എന്തായാലും, ഇത്തവണ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ പോര് കടുക്കും. കെ സുധാകരന്‍റെ പ്രചാരണച്ചൂട് നിര്‍ണായകമാകും. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming