നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് കോട്ടയായി തുടരുന്ന ഇരിക്കൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ സജീവ് ജോസഫ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. കേരള കോണ്‍ഗ്രസ് (എം) നേതാവ് മാത്യു കുന്നപ്പള്ളിയാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി. 

ഇരിക്കൂര്‍: 'കേരളത്തില്‍ കോണ്‍ഗ്രസ് ഏതൊക്കെ സീറ്റില്‍ തോറ്റാലും ജയമുറപ്പുള്ള മണ്ഡലം'. അതാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നിയമസഭ മണ്ഡലത്തെ കുറിച്ച് നാല് പതിറ്റാണ്ടിലേറെയായി പറഞ്ഞുകേള്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അഡ്വ. സജീവ് ജോസഫാണ് ഇരിക്കൂറിലെ സിറ്റിംഗ് എംഎല്‍എ. ഒരിക്കല്‍ക്കൂടി സജീവ് ജോസഫ് ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ അഡ്വ. മാത്യു കുന്നപ്പള്ളിക്ക് എന്ത് ചലനമുണ്ടാക്കാന്‍ കഴിയും? പരിശോധിക്കാം ഇരിക്കൂറിലെ സാധ്യതകള്‍.

കോണ്‍ഗ്രസ് കോട്ട എന്ന വിശേഷണമുള്ള ഇരിക്കൂര്‍

ശ്രീകണ്ഠാപുരം നഗരസഭയും ആലക്കോട്, ചെങ്ങളായി, എരുവേശി, ഇരിക്കൂര്‍, നടുവില്‍, പയ്യാവൂര്‍, ഉദയഗിരി, ഉളിക്കല്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഇരിക്കൂര്‍ നിയമസഭ മണ്ഡലം. ഇടത് വേരുകള്‍ അവകാശപ്പെടാമെങ്കിലും നാല് പതിറ്റാണ്ടിലേറെയായി ഉറച്ച കോണ്‍ഗ്രസ് കോട്ടയാണ് ഇരിക്കൂര്‍. സാക്ഷാല്‍ ഇ കെ നായനാര്‍ 1970-ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രം ഇരിക്കൂറിലുണ്ടെങ്കിലും 1982 മുതല്‍ 2016 വരെ കെ സി ജോസഫ് എട്ടുവട്ടം തുടര്‍ച്ചയായി വിജയിച്ചുവന്ന മണ്ഡലം എന്ന നിലയിലായിരിക്കും ഇരിക്കൂര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ അഡ്വ. സജീവ് ജോസഫായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ സജി കുറ്റ്യാനിമറ്റം മത്സരിച്ചപ്പോള്‍ സജീവ് ജോസഫ് 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അങ്ങനെ കെ സി ജോസഫിന്‍റെ പാരമ്പര്യം സജീവ് ജോസഫ് തുടര്‍ന്നു. 

2026-ലേക്ക് വരുമ്പോഴും ഇരിക്കൂറില്‍ ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്, യുഡിഎഫ് ക്യാമ്പ്. ഇരിക്കൂര്‍ മണ്ഡലത്തിലെ തന്നെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് അഡ്വ. സോണി സെബാസ്റ്റ്യന് സീറ്റ് നല്‍കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും സജീവ് ജോസഫ് തന്നെ വീണ്ടും മത്സരിക്കട്ടേ എന്ന് തീരുമാനിക്കുകയായിരുന്നു നേതൃത്വം. അതേസമയം, സജി കുറ്റ്യാനിമറ്റത്തെ തഴഞ്ഞാണ് മാത്യു കുന്നപ്പള്ളിയെ കേരള കോണ്‍ഗ്രസ് (എം) കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ സോണിക്കും സജിക്കുമായി ഇപ്പോഴും വാദിക്കുന്നവരുണ്ട്. ട്വന്‍റി 20 പാര്‍ട്ടിയുടെ ശ്രീനാഥ് പി ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലം കൂടിയാണ് ഇരിക്കൂര്‍.

മലയോരം, ക്രൈസ്‌തവ വോട്ടുകള്‍ നിര്‍ണായകം

കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയാരം ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ചേര്‍ന്നുള്ളതാണ് ഇരിക്കൂര്‍ മണ്ഡലം. കുടിയേറ്റ ക്രൈസ്‌തവ വിഭാഗത്തിന് കൃത്യമായ വോട്ട് ബാങ്ക് കൂടിയുള്ള പ്രദേശം. അതിനാല്‍തന്നെ, വന്യമൃഗ ശല്യവും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ഇരിക്കൂര്‍ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സജീവ് ജോസഫും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മാത്യു കുന്നപ്പള്ളിയും മലയോരത്ത് വലിയ സ്വാധീനമുള്ളവരാണ്. മലയോരത്തെ കരുത്തര്‍ മുഖാമുഖം വരുമ്പോള്‍ സഭ ആര്‍ക്കൊപ്പം നില്‍ക്കും എന്നതും ശ്രദ്ധേയം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് ക്യാംപുകളിലുള്ള വിള്ളലുകള്‍ വോട്ടിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming