തൃശൂർ: വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാര്‍ക്ക്  കഞ്ചാവും ഫോണും എറിഞ്ഞു കൊടുക്കുന്നത് പിടികൂടാൻ പ്രത്യേകം പരിശീലനം നേടിയ ഡോഗ് സ്ക്വാഡ് തയ്യാർ. ജയിലനകത്തേക്ക് നിരോധിതവസ്തുക്കള്‍ എത്തുന്നത് പതിവായ  സാഹചര്യത്തിലാണ് ആറ് നായ്ക്കളെ രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ജയിലുകളില്‍ ഇതാദ്യമായി വിയ്യൂരിലാണ്  ജയില്‍ ഡോഗ് സ്ക്വാഡ് രൂപീകരിക്കുന്നത്.  

വിയ്യൂര്‍ ജയിലിനോട് ചേര്‍ന്ന് റോഡായതിനാല്‍ മതിലിനു പുറത്ത് നിന്ന് കഞ്ചാവും മദ്യകുപ്പികളും മൊബൈല്‍ ഫോണുമൊക്കെ എറിഞ്ഞ് കൊടുക്കുന്നത് പതിവാണ്. ഈ സാധനങ്ങള്‍ പരിശോധനയിലൂടെ പിടികൂടാറുണ്ടെങ്കിലും എറിഞ്ഞ് കൊടുക്കുന്ന ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇതിന് പരിഹാരമായാണ് പ്രത്യേകം പരിശീലനം നല്‍കിയ ആറ് നായ്ക്കളെ ഇറക്കിയിരിക്കുന്നത്. പുറത്ത് നിന്ന് എന്തെങ്കിലും എറിയാൻ ശ്രമിച്ചാല്‍ നായ്ക്കള്‍ കണ്ടെത്തും. മതിലിനോട് ചേര്‍ന്ന് സാധനങ്ങള്‍ കൊണ്ടു വെച്ചാലും പിടികൂടും. ഓടി രക്ഷപ്പെടാൻ ശ്രമിച്ചാല്‍ നായക്കളുടെ പിടിവീഴും.

അതേസമയം വിയ്യൂർ ജയിലിൽ ഇന്ന് നടത്തിയ റെയ്ഡിൽ ആറ് മൊബൈൽ ഫോണുകളും അഞ്ച് മൊബൈൽ ബാറ്ററികളും ചാർജറുകളും കണ്ടെടുത്തിരുന്നു.