ഐക്കരനാട് കൃഷിഭവൻ നടത്തിയ കർഷക ദിനത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎയെ  ജാതിയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഡീന ദീപക് ആണ് കേസിലെ രണ്ടാം പ്രതി.

കൊച്ചി: പി.വി.ശ്രീനിജന്‍ എംഎല്‍എയെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ 20-20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണമെന്ന സാബു ജേക്കബിന്‍റെ ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ നേരത്തേ പിൻമാറിയിരുന്നു.

ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുത്തന്‍കുരിശ് ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുത്തത് .കൂടുതൽ സാക്ഷികളെ എംഎല്‍എ നിർദേശിച്ചതായും ഇവരിൽ നിന്നും മൊഴി എടുത്ത ശേഷമാകും പ്രതികളുടെ ചോദ്യം ചെയ്യലെന്നും പോലീസ് വ്യക്തമാക്കി. എംഎൽഎയുടെ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ,പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ഐക്കരനാട് കൃഷിഭവൻ നടത്തിയ കർഷക ദിനത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎയെ ജാതിയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഡീന ദീപക് ആണ് കേസിലെ രണ്ടാം പ്രതി. പഞ്ചായത്ത്‌ അംഗങ്ങൾ ഉൾപ്പടെ കേസിൽ ആകെ ആറ് പ്രതികൾ ആണ് ഉള്ളത്. രാഷ്ട്രീയ കക്ഷികളോടുള്ള പാർട്ടി നിലപാടാണ് ബഹിഷ്കരണത്തിനുള്ള കാരണം എന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം. സാബു എം ജേക്കബിന്‍റേത് ബാലിസമായ നിലപാട് എന്നും സമൂഹ വിലക്ക് ഏർപ്പെടുത്തുന്ന പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് എടുക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.