Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ ഇളവ് ആഘോഷിക്കാനല്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

"വയോധികർക്കും കുട്ടികൾക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. അവരെ സുരക്ഷിതരായി വീടുകളിൽ ഇരുത്തേണ്ടവർ അത് മറക്കരുത്"

Dont Celebrate Lockdown relaxation says Kerala CM Pinarayi Vijayan
Author
thiruvananthapuram, First Published May 22, 2020, 5:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ആശങ്ക വര്‍ധിക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ ഇളവ് ആരും ആഘോഷിക്കരുത് എന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുത്' എന്ന് വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. 

'പൊതുഗതാഗതം ആരംഭിച്ചത് പല ഇടങ്ങളിലും തിരക്കിന് കാരണമായി. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പലരും വീടിന് പുറത്തിറങ്ങുന്നു. വയോധികർക്കും കുട്ടികൾക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. അവരെ സുരക്ഷിതരായി വീടുകളിൽ ഇരുത്തേണ്ടവർ അത് മറക്കരുത്. ഇതൊന്നും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കേണ്ടതല്ല, സ്വയം ചെയ്യേണ്ടതാണ്. ഇത് മറക്കുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നത്' എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. 

ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണ് ഇതെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. രണ്ട് പേര്‍ക്ക് കൂടി മാത്രമാണ് രോഗം ഭേദമായത്. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി ഖദീജയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. 

കണ്ണൂർ 12, കാസർകോട് 7, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 5 വീതം, തൃശ്ശൂർ മലപ്പുറം എന്നിവിടങ്ങളില്‍ 4 വീതം, കോട്ടയം 2, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 

Follow Us:
Download App:
  • android
  • ios