തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിന്ന് തിരികെ സ്വന്തം നാട്ടിലേക്ക് പോകേണ്ടെന്ന് നിലപാടെടുത്ത് അതിഥി തൊഴിലാളികൾ. 1.61 ലക്ഷം അതിഥി തൊഴിലാളികളാണ് ഈ നിലപാടെടുത്തത്. സംസ്ഥാന സർക്കാരാണ് ഇത് അറിയിച്ചത്.

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇത് പറഞ്ഞിട്ടുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതുവരെ 1.53 ലക്ഷം അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ 2,95,410 അതിഥി തൊഴിലാളികൾ ബാക്കിയുണ്ട്.

ഇവരിൽ 1.61 ലക്ഷം പേരാണ് സംസ്ഥാനത്ത് തുടരാനാണ് താത്പര്യമെന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം 1.2 ലക്ഷം പേർ തിരികെ പോകണമെന്ന നിലപാടാണ് എടുത്തിരിക്കുന്നതെന്നും സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. 

നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന അഥിഥി തൊഴിലാളികൾക്ക് വേണ്ടി ട്രെയിനുകൾ ഷെഡ്യുൾ ചെയ്തു. 112 ട്രെയിനുകളിൽ നാട്ടിലേക്ക് ഇതുവരെ പോയത് 1.53 ലക്ഷം തൊഴിലാളികളാണ്. തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടങ്ങളും ഫീൽഡ് സർവേ നടത്തിയാണ് കണക്കെടുപ്പ് നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഒരു അതിഥി തൊഴിലാളിയും പട്ടിണി കിടന്നിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഏറ്റവുമധികം കൂലി ലഭിക്കുന്നത് കേരളത്തിലാണെന്നും സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.