മൂന്ന് സ്വയംഭരണ ബോർഡുകളാണ് ഹോമിയോപ്പതി കമ്മീഷനു കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഹോമിയോപ്പതി എഡ്യൂക്കേഷൻ ബോർഡ്, ബോർഡ് ഓഫ് എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ഫോർ ഹോമിയോപ്പതി എന്നിവയാണ് മറ്റു രണ്ടു ബോർഡുകൾ.
കോട്ടയം: കേന്ദ്ര സർക്കാർ പുതിയതായി രൂപീകരിച്ച "നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി"യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ "മെഡിക്കൽ അസസ്മെൻ്റ് ആൻഡ് റേറ്റിംഗ് ബോർഡ് ഫോർ ഹോമിയോപ്പതി"യുടെ ആദ്യ പ്രസിഡൻ്റായി ഡോ.കെ.ആർ.ജനാർദ്ദനൻ നായർ നിയമിതനായി.
ദേശീയ ഹോമിയോപ്പതി കമ്മിഷൻ ഭരണരംഗത്തെ ഏക മലയാളി സാന്നിധ്യമാണ്, കോട്ടയം കിടങ്ങൂർ സ്വദേശിയായ ഇദേഹം. കുറിച്ചിയിലുള്ള നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെൻ്റൽഹെൽത്ത് അസി. ഡയറക്ടറും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.നായർ, പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഹോമിയോ വിഭാഗം സീനിയർ കൺസൾട്ടൻ്റാണ് ഇപ്പോൾ.
മൂന്ന് സ്വയംഭരണ ബോർഡുകളാണ് ഹോമിയോപ്പതി കമ്മീഷനു കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഹോമിയോപ്പതി എഡ്യൂക്കേഷൻ ബോർഡ്, ബോർഡ് ഓഫ് എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ഫോർ ഹോമിയോപ്പതി എന്നിവയാണ് മറ്റു രണ്ടു ബോർഡുകൾ. പുതിയ ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള അനുമതി നൽകുക, രാജ്യത്തെ ഹോമിയോ പ്രാക്ടീഷണർമാരൂടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നയം രൂപീകരിക്കുക, ഹോമിയോ വിദ്യാഭ്യാസ- ചികിത്സാ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഹോമിയോപ്പതി മെഡിക്കൽ അസസ്മെൻ്റ് ആൻഡ് റേറ്റിംഗ് ബോർഡിൻ്റെ ചുമതല. അധ്യക്ഷനും മൂന്ന് സ്വയംഭരണ ബോർഡുകളിലെ പ്രസിഡൻ്റുമാരും ഉൾപ്പെടെ 20 അംഗങ്ങളാണ് ദേശീയ ഹോമിയോപ്പതി കമ്മീഷനിലുള്ളത്. ഡോ. അനിൽ ഖുറാന അധ്യക്ഷനായ കമ്മിഷനിലെ എക്സ് ഒഫിഷ്യോ അംഗം കൂടിയാണ് ഡോ. ജനാർദ്ദനൻ നായർ.

റിട്ട. സ്കൂൾ അധ്യാപിക ജയന്തി നായരാണ് ഭാര്യ. ഗായത്രി. ജെ. നായർ, രാധിക ജെ. നായർ, ഋഷികേശ് ജെ. നായർ എന്നിവർ മക്കളാണ്. അന്തരിച്ച മുൻ കേരളാ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ ഇദേഹത്തിൻ്റെ അർദ്ധസഹോദരൻ ആണ്.
