സീനിയോരിറ്റിയുള്ളവരെ മറികടന്നാണ് നിയമനമെന്നതാണ് ആരോപണം. ഡോ ഹാരിസിനെതിരായ നീക്കങ്ങളിൽ ഡോ വിശ്വനാഥിന്‍റെ നിലപാടുകൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

തിരുവനന്തപുരം: ഡോ കെ വി വിശ്വനാഥന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം. നിലവിൽ ഡി എം ഇയുടെ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പ്രഫസർ ആയിരുന്നു ഡോ വിശ്വനാഥൻ. സീനിയോറിറ്റി മറികടന്നാണ് ഡോ വിശ്വനാഥന് നിയമനം നൽകിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഇത്തവണ 12 അംഗ ലിസ്റ്റുണ്ടായിരുന്നു. ഇതിൽ ആറാമത്തെ ആളായിരുന്നു കെ വി വിശ്വനാഥൻ. ലിസ്റ്റിൽ സീനിയോരിറ്റിയുള്ളവരെ മറികടന്നാണ് നിയമനമെന്നതാണ് ആരോപണം. ഡോ ഹാരിസിനെതിരായ നീക്കങ്ങളിൽ ഡോ വിശ്വനാഥിന്‍റെ നിലപാടുകൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ അതിൽ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. ഉപകരണം കാണാതായെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താ സമ്മേളനത്തിനിടെ കെ വി വിശ്വനാഥൻ ഫോണിൽ വിളിച്ച് ചില നിർദേശങ്ങൾ നൽകിയതായി പിന്നീട് പുറത്തു വന്നു. അദ്ദേഹം തന്നെ അത് സമ്മതിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കിടെയാണ് ഡോ വിശ്വനാഥന് സ്ഥിരം നിയമനം നൽകിയത്.