വി ഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിനെതിരായ വിമർശനങ്ങൾ തള്ളി വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ചന്ദ്രശേഖർ. ധവളപത്രം കേരളത്തിന്‍റെ യഥാർത്ഥ ധനസ്ഥിതിയാണ് കാണിക്കുന്നതെന്നും, എഐ നിർമ്മിതമാണെന്ന തോമസ് ഐസക്കിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിനെതിരെ പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾ തള്ളി വിദഗ്ധസമിതി അധ്യക്ഷൻ ഡോ. കെ എം ചന്ദ്രശേഖർ. ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ധവളപത്രം ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്‍റെ യഥാർത്ഥ ധനസ്ഥിതി തന്നെയാണെന്ന് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ധവളപത്രം എ ഐ നിർമ്മിതമാണെന്ന മുൻ ധനമന്ത്രി തോമസ് ഐസകിന്‍റെയടക്കം ആരോപണങ്ങൾ ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത് മുതൽ രാഷ്ട്രീയചർച്ച ധവളപത്രത്തിലാണ്. കടത്തിന്‍റെ കണക്കുകൾ ചോദ്യം ചെയ്താണ് പ്രതിപക്ഷ വിമർശനം. ഒപ്പം തന്നെ സമ്പൂർണ്ണ സ്വകാര്യവൽക്കരണമെന്ന നിർദ്ദേശമെന്ന ആരോപണങ്ങളും ഉയർത്തിയിട്ടുണ്ട്. എന്നാൽ ധവളപത്രം തയ്യാറാക്കിയ വിദഗ്ധസമിതി അധ്യക്ഷനായ മുൻ കാബിനറ്റ് സെക്രട്ടറി ഡോ കെ എം ചന്ദ്രശേഖർ വിമർശനങ്ങൾ അംഗീകരിക്കുന്നില്ല.
സ്വകാര്യവത്കരണ നിർദ്ദേശം?
കെ എസ് ഇ ബിയയുടെയും വാട്ടർ അതോറിറ്റിയുടെയും നഷ്ടകണക്ക് പറയുന്നുണ്ടെങ്കിലും സ്വകാര്യവൽക്കരണ നിർദ്ദേശമില്ലെന്നാണ് ചന്ദ്രശേഖറിന്‍റെ വിശദീകരണം. തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലാണ് സ്വകാര്യനിക്ഷേപമെന്ന നിർദ്ദേശമുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കിഫ് ബി ഈ നിലയിൽ മുന്നോട്ട് പോയാൽ പറ്റില്ലെന്ന നിഗമനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ചന്ദ്രശേഖർ വിവരിച്ചു. ധവളപത്രത്തിനായി രഹസ്യരേഖകൾ എ ഐ ടൂൾ ഉപയോഗിച്ചെന്നെ മുൻ ധനമന്ത്രി തോമസ് ഐസകിന്‍റെ ആരോപണവും വിദഗ്ധസമിതി അധ്യക്ഷൻ തള്ളിക്കളഞ്ഞു. കിഫ് ബി പുനസംഘടനക്ക് വീണ്ടും ഒരു സമിതിയെ വെക്കാനാണ് സർക്കാർ നീക്കം. പെൻഷൻപ്രായം കൂട്ടണമെന്ന നിർദ്ദേശത്തിലടക്കം സർക്കാർ ഇതുവരെ നയപരമായ തീരുമാനത്തിലെത്തിയിട്ടില്ല. 19 ന് ബജറ്റിലാകും കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുക എന്നാണ് വ്യക്തമാകുന്നത്.
