ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍.
തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലെ അടുക്കളയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്റെ മുൻവശത്തെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഈ ലോകത്ത് നിന്ന് പോകുന്നുവെന്നും, ഏറെ ആലോചിച്ചെടുത്ത തീരുമാനമെന്നും കുറിപ്പിലുണ്ട്. ഇന്നലത്തെ തീയതിയിലാണ് കുറിപ്പ്.
വീട്ടിൽ സ്ഥിരമായെത്തിയിരുന്ന പൂർവ വിദ്യാർത്ഥിയോട് ഇന്ന് വരേണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. ജാതിവിവേചനത്തിനെതിരെ പടപൊരുതിയ കുഞ്ഞാമൻ രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. എംഎം സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയ കുഞ്ഞാമൻ എംഫിലും പിന്നെ പിഎച്ച് ഡിയും സ്വന്തമാക്കിയാണ് അധ്യാപക ജോലിയിലേക്ക് കടന്നത്. കാര്യവട്ടത്ത് 27 വർഷം സാമ്പത്തികശാസ്ത്രവഭാഗത്തിൽ അധ്യാപകനായിരുന്നു. സുഹൃത്തായ കെഎം ഷാജഹാൻ വീട്ടിലെത്തിയപ്പോൾ കുഞ്ഞാമനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തായ കെ എം ഷാജഹാൻ കുഞ്ഞാമന്‍റെ വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. കുഞ്ഞാമന്റെ വീട്ടിലെത്തിയപ്പോൾ ചെരുപ്പും പത്രവും പുറത്ത് കിടക്കുകയായിരുന്നുവെന്നും അകത്ത് ഫാൻ തിരിയുന്നുണ്ടായിരുന്നുവെന്നും ഷാജഹാൻ പറയുന്നു. എന്നാൽ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ കുഞ്ഞാമൻ കാണണമെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യത്തെ വീട്ടിലെത്തിയതെന്നും ഷാജഹാൻ പറഞ്ഞു. പൊലീസെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞാന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അറിവില്ലെന്നും കെഎം ഷാജഹാൻ കൂട്ടിച്ചേര്‍ത്തു.
