എൻഎംആർ റസാഖ് പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ എന്തൊക്കെയാണ് പ്രതീക്ഷകളെന്ന് പങ്കുവയ്ക്കുകയാണ് സരിന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിന്‍.
സിവിൽ സർവ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയവഴി സ്വീകരിച്ച ഡോ. പി സരിൻ ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫിലേക്ക് എത്തിയത്. 2024ലെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മത്സരിച്ചെങ്കിലും സരിന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തോ പാലക്കാടോ സരിന്‍ മത്സരിച്ചേക്കുമെന്ന് ഊഹപോഹങ്ങൾ പടര്‍ന്നെങ്കിലും അത് ഉണ്ടായില്ല. എൻഎംആർ റസാഖ് പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ എന്തൊക്കെയാണ് പ്രതീക്ഷകളെന്ന് പങ്കുവയ്ക്കുകയാണ് സരിന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിന്‍.
ഒറ്റപ്പാലത്തോ പാലക്കാടോ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഒറ്റപ്പാലത്തോ പാലക്കാടോ ഞാന്‍ മത്സരിച്ചേക്കുമെന്ന് ഊഹപോഹങ്ങൾ മാധ്യമങ്ങള്‍ പടര്‍ത്തിയതാണ്. ഈ പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് ഒരു മാനദണ്ഡമുണ്ട്. 140 പേർക്കാണ് മത്സരിക്കാൻ അവസരവും കിട്ടുക. അതിന്‍റെ അർത്ഥം ബാക്കിയുള്ളവരൊക്കെ സ്ഥാനാർത്ഥികൾ ആയില്ലെങ്കിൽ നിരാശരാണ് എന്നല്ല. യഥാർത്ഥത്തിൽ സ്ഥാനാർത്ഥികൾ ആകാൻ നിയോഗിക്കപ്പെട്ടവരും സ്ഥാനാർത്ഥികൾക്ക് വേണ്ടി ഉത്തരവാദിത്വ ബോധത്തോടുകൂടി പെരുമാറാൻ ചുമതലപ്പെടുത്തപ്പെട്ടവരുമാണ് ഈ പാർട്ടിയുടെ മുഴുവൻ നേതാക്കളും പ്രവർത്തകരും. അതിലെ റോളുകൾ എങ്ങനെ വേണമെങ്കിലും ആർക്ക് വേണമെങ്കിലും നൽകപ്പെടാം. അതിന് കൃത്യമായ വ്യവസ്ഥയുണ്ട്, മാനദണ്ഡമുണ്ട്.
പ്രചാരണത്തിന് ഉണ്ടാകുമോ?
എന്നെ പാർട്ടി ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. ആ ചുമതലകളാണ് ഞാൻ നിർവഹിക്കുന്നത്. അതിൽ പ്രചാരണത്തിന്റെ ചുമതലയുണ്ട്, മറ്റു കാര്യങ്ങളുണ്ട്. ഏൽപ്പിക്കപ്പെട്ട ചുമതല കൃത്യമായി മോണിറ്റർ ചെയ്യപ്പെടുന്ന ഒരു സംവിധാനമാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ വളരെ ചിട്ടയോടുകൂടി ഓരോരുത്തരും അവരവരെ ഏൽപ്പിച്ച ചുമതലകള്‍ നിർവഹിക്കുന്നു. എന്നെ ഏൽപ്പിച്ച പണി ഞാൻ കഴിഞ്ഞ എത്രയോ ആഴ്ചകളായിട്ട് തുടർന്നുകൊണ്ടിരിക്കുന്നു.
പാര്‍ട്ടി മാറി വന്നയാള്‍ എന്ന നിലക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് തോന്നുന്നുണ്ടോ?
പ്രോത്സാഹിപ്പിക്കപ്പെടേണ്ട പ്രവണതയാണ് പാർട്ടി മാറി വരൽ എന്നുള്ളതിന്റെ അർത്ഥത്തിൽ പാർട്ടികൾ സീറ്റ് കൊടുക്കുന്ന ഏർപ്പാട് കോൺഗ്രസിൽ ഉണ്ടാവാം. ഒറ്റപ്പാലം, അമ്പലപ്പുഴ, പയ്യന്നൂർ, തളിപ്പറമ്പ് നോക്കുമ്പോള്‍ നമ്മുക്ക് അത് മനസ്സിലാവുന്നതാണ്. തലേന്ന് വന്നവർക്ക് പോലും കൃത്യമായി പാർട്ടി അവിടെ കൈപ്പത്തി ചിഹ്നം കൊടുത്ത സ്ഥലങ്ങളാണ് മലമ്പുഴയും കൊട്ടാരക്കരയും. എല്‍ഡിഎഫില്‍ അത് നടക്കില്ല. പ്രത്യേകിച്ച് ഇത്തരം കാര്യങ്ങൾക്ക് പ്രോത്സാഹനം ലഭിക്കാൻ വേണ്ടിയല്ല ഒരാളും സിപിഎമ്മിന്റെ രാഷ്ട്രീയം പിൻപറ്റാൻ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങനെയുള്ള ഒരു പ്രോത്സാഹനം പ്രതീക്ഷിച്ചൊന്നും ആരും പാർട്ടി മാറി സിപിഎം ആവാൻ വരേണ്ട.
പിഷാരടിക്കും ശോഭാ സുരേന്ദ്രനും പറ്റിയ എതിരാളിയാണോ എൻഎംആർ റസാഖ്?
പാലക്കാടുകാർക്കിടയിൽ എൻഎംആർ റസാഖിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. പാലക്കാട് വോട്ടുള്ളവർക്ക് എൻഎംആർ റസാഖ് ആരാണെന്ന് ചോദിച്ചാൽ, അദ്ദേഹത്തിന്റെ പിതാവ് നൂർ മുഹമ്മദ് റാവൂത്തർ ആരാണെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമുണ്ടാകും. ഒരു നിസ്വാർത്ഥനായ മനുഷ്യനാണ് നൂർ മുഹമ്മദ് റാവൂത്തർ, നിഷ്കളങ്കനായ മനുഷ്യൻ, നാല് ആൺമക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കിയ വളരെ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ. എൻഎംആർ റസാഖ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇവിടെ ഇടപെട്ടിരിക്കുന്ന പൊതു സാമൂഹ്യ വിഷയങ്ങൾ ഒരുപാടുണ്ട്. ഫിറോസ് കുന്നംപറമ്പിൽ പാലക്കാട് എന്‍എംആറിന്‍റെ ബിരിയാണിക്കടയിൽ നിന്ന് ബിരിയാണി കൊണ്ടുപോയി സാധാരണക്കാരായ തെരുവിൽ അലയുന്ന ആളുകൾക്കൊക്കെ കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. റസാഖിന് പറ്റുന്നതുപോലെയൊക്കെ ചെയ്ത പല കാര്യങ്ങളുണ്ട്.
ശോഭാ സുരേന്ദ്രന്‍റെ സാന്നിധ്യത്തെ എങ്ങനെയാണ് കാണുന്നത്?
ശോഭയുടെ കാര്യത്തിൽ ആദ്യം ബിജെപി ഒരു തീരുമാനത്തിലെത്തട്ടെ. അവര്‍ സീരിയസായി എടുക്കുന്നുണ്ടോ എന്ന് ഇതുവരെ ഞങ്ങൾക്ക് മനസ്സിലായിട്ടില്ല. മൂന്നാഴ്ചയായി ഇവിടെ വന്ന് തമ്പടിക്കുന്നു, ക്യാമ്പ് ചെയ്യുന്നു, പോസ്റ്ററും ഫ്ലെക്സും ഒക്കെ വന്നിട്ടുണ്ട്. റോഡ് ഷോയുടെ കാര്യമൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ശോഭ മനസ്സുമടുത്ത് നിൽക്കുകയാണെന്നാണ് ഞങ്ങൾക്കൊക്കെ കിട്ടുന്ന റിപ്പോർട്ട്.
പി കെ ശശി ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥി ആണല്ലോ. അത് എല്‍ഡിഎഫിന് വെല്ലുവിളിയാകുമോ?
എൽഡിഎഫിന് അതൊരു അവസരമാണ്. 30000-ത്തോളം വരുന്ന വോട്ടിന് ഒരുപക്ഷേ പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഞങ്ങള്‍ക്ക് ഒറ്റപ്പാലത്തായിരിക്കും. സിപിഎമ്മിന്റെ ബലം പോകുമ്പോൾ ശശി വെറും ശശിയാണ്, വെറും ശശി. ആ വെറും ശശിക്ക് എന്ത് വിലയാണ് ഒറ്റപ്പാലം നൽകുന്നത്, പുല്ല് വിലയാണ് നൽകുന്നത്. കോൺഗ്രസ്സുകാര് കൂടെ നടക്കുന്നവർ പോലും ശശിക്ക് വോട്ട് ചെയ്യില്ല. പ്രചരണത്തിന്റെ ഭാഗമായിട്ട് റോഡ് ഷോയും മറ്റുമൊക്കെ കണ്ട് ശശി വിചാരിക്കുന്നുണ്ടാവും ആ എന്നെ അങ്ങ് ഏറ്റെടുത്തു എന്ന്. താഴെ ഇടുമ്പോൾ അറിയാം അതിന്റെ ആഘാതം എന്താണെന്ന്.
ട്രോളുകളോടുള്ള പ്രതികരണം?
മെയ് നാലിന് ആരെയാണ് ട്രോൾ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. സ്ഥാനാർത്ഥിത്വം എന്നുള്ളത് ചോദിച്ച് വാങ്ങുന്ന ഒരു ഏർപ്പാടല്ല. നമ്മളെ വിടാതെ പിന്തുടരുന്നത് ഇടതുപക്ഷത്തേക്ക് സരിൻ എന്ന് പറയുന്ന ഒരു മനുഷ്യൻ കൃത്യമായി നിലപാടെടുത്ത് മാറിയതിൽ കോൺഗ്രസിനുള്ള അമർഷമാണ്, അവരിങ്ങനെ പുകഞ്ഞു തീർത്തോട്ടെ. മാങ്ങയുള്ള മാവിലേ കല്ലെറിയൂ, എറിയട്ടെ കല്ല്!
