Asianet News MalayalamAsianet News Malayalam

ആരോഗ്യസർവകലാശാല വിസി നിയമനം റദ്ദാക്കണമെന്ന് വീണ്ടും ആവശ്യം, ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഡോ. പ്രവീൺ ലാൽ

ഉയർന്ന യോഗ്യത ഉള്ളവരെ തള്ളി ഡോ.മോഹനൻ കുന്നുമ്മലിനെ നിയമിച്ചത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ വീണ്ടും സമീപിക്കുന്നത്. സെർച്ച് കമ്മിറ്റി നൽകിയ മൂന്ന് പേരുടെ പട്ടികയിൽ ഏറ്റവും കുറവ് യോഗ്യത ഉള്ള ആളെയാണ് വിസിയായി ഗവർണർ തെരഞ്ഞെടുത്തതെന്നാണ് ആരോപണം

Dr. Praveen Lal approached the division bench again demanding to cancel the appointment of VC of health university
Author
First Published Jan 16, 2023, 7:39 AM IST

കൊച്ചി: ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ച് അന്തിമ പട്ടികയിലുണ്ടായിരുന്ന ഉദ്യോഗാർത്ഥി. വിസിയായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത് ചട്ടങ്ങൾ മറികടന്നെന്നാണ് ആരോപണം. സംസ്ഥാനത്ത് ഗവർണറുടെ പുറത്താക്കൽ നടപടി നേരിടാതിരുന്ന ഏക വിസിക്കെതിരെയാണ് ഹർജിക്കാരനായ ഡോ. പ്രവീൺലാൽ കുറ്റിച്ചിറ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ഉയർന്ന യോഗ്യത ഉള്ളവരെ തള്ളി ഡോ.മോഹനൻ കുന്നുമ്മലിനെ നിയമിച്ചത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ വീണ്ടും സമീപിക്കുന്നത്. സെർച്ച് കമ്മിറ്റി നൽകിയ മൂന്ന് പേരുടെ പട്ടികയിൽ ഏറ്റവും കുറവ് യോഗ്യത ഉള്ള ആളെയാണ് വിസിയായി ഗവർണർ തെരഞ്ഞെടുത്തതെന്നാണ് ആരോപണം.38വർഷത്തെ അദ്ധ്യാപന പരിചയവും 20വർഷം പ്രൊഫസറായിരുന്ന പ്രവീൺലാൽ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ പദവിയിൽ നിന്നാണ് വിരമിച്ചത്.

2019 ഒക്ടോബറിലാണ് തൃശൂർ ആരോഗ്യ സ‍ർവ്വകലാശാല വി സി യായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചത്. ഇതിനെതിരെ ദളിത് വിഭാഗത്തിൽ നിന്നുള്ള ഡോ. പ്രവീൺലാൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്തിമപട്ടികയിൽ നിന്ന് വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർക്ക് വിവേചന അധികാരമുണ്ടെന്ന് തീർപ്പാക്കിയാണ് സിംഗിൽ ബെഞ്ച് കഴിഞ്ഞ വർഷം ഹർജി തള്ളിയത്. കെടിയു കേസിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്.

കോടതി നേരത്തെ തള്ളിയ കേസിൽ പരസ്യപ്രതികരണത്തിനില്ലെന്ന് ആരോഗ്യസർവ്വകലാശാല വി സി ഡോ.മോഹനൻ കുന്നുമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡോ. അരുൺ കുമാറിനെതിരെ പരാതി; കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി

Follow Us:
Download App:
  • android
  • ios