സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നതിനിടെ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയെ സ്ഥലം മാറ്റി. ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി. പകർച്ചവ്യാധി പടരുന്നതിനിടെ അവധി ചോദിച്ചതിന് പിന്നാലെയാണ് ഡോ റീനയെ മാറ്റിയത്. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല.
പകർച്ചവ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി ചോദിച്ചതിൽ ആരോഗ്യ മന്ത്രി കെ മുരളീധരന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഷിഗെല്ല പടരുകയും കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത്. മൂന്ന് വർഷം തികച്ച ഡോ റീനയെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സർക്കാരിന്‍റെ പരിഗണനയിൽ ഉള്ള കാര്യമാണ്. അത് ആരാവണം എന്നതിൽ തീരുമാനമായിട്ടില്ല. പിന്നാലെയാണ് ഡോ മീനാക്ഷിക്ക് താത്ക്കാലിക ചുമതല നൽകിയിരിക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന പശ്ചാത്തലത്തിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നത്. മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അവകാശപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധമായ വിവരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽ നിന്നും പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് അവർക്ക് വ്യക്തമാക്കാൻ സാധിക്കുന്നില്ല. ജീവൻ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടൽ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

