കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. കാലടി സര്‍വകലാശാല വിസി ഡോക്ടര്‍ കെ.കെ. ഗീതാകുമാരിയെ നീക്കികൊണ്ട് ഇന്നലെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉത്തരവിറക്കിയത്

കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. കാലടി സര്‍വകലാശാല വിസി ഡോക്ടര്‍ കെ.കെ. ഗീതാകുമാരിയെ നീക്കികൊണ്ട് ഇന്നലെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉത്തരവിറക്കിയത്. സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസാ തോമസിന് കാലടിയുടെ അധികം ചുമതലയും നൽകിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ കാലടി സംസ്കൃത സര്‍വകലാശാല ആസ്ഥാനത്തെത്തി സിസാ തോമസ് ചുമതലയേറ്റത്. ന്യൂജനറേഷൻ യൂണിവേഴ്സിറ്റികളെയാണ്‌ താൻ കണ്ടിട്ടുഉള്ളതെന്നും കാലടി സര്‍വകലാശാലയിൽ കൂടുതൽ പഠിക്കാനുണ്ടെന്നും ചുമതലയേറ്റശേഷം സിസാ തോമസ് പറഞ്ഞു.

അറിവിന്‍റെ അക്ഷരങ്ങൾ തുറന്നുകൊടുത്ത ഒരു വ്യക്തിയുടെ പേരിലുള്ള സർവകലാശയുടെ ഭാഗമായതിൽ സന്തോഷമുണ്ട്. ഇതൊരു ഭാഗ്യമായി കാണുന്നു. കാലടി സര്‍വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയും ശമ്പള പ്രതിസന്ധിയും ഗൗരവകരമായ വിഷയങ്ങളാണ്. ഇക്കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യങ്ങള്‍ മനസിലാക്കും. നാളെ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാലയിലെത്തും. മന്ത്രിയുമായി ചര്‍ച്ച നടത്തും. മുൻ വിസിയെ മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പരിശോധന നടത്തും. ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിക്ക് എംഎഫ്എ അഡ്മിഷൻ നൽകിയതും പരിശോധിക്കുമെന്ന് സിസാ തോമസ് പറഞ്ഞു.

ബിഎഫ്എ പാസാവത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ ഇടപെട്ടാണ് ഗവര്‍ണര്‍ കാലടി വിസിയെ നീക്കിയത്. അഡ്മിഷനുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടുകയും ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതൊന്നും അനുസരിക്കാന്‍ വിസി കൂട്ടാക്കിയിരുന്നില്ല. 2001 നും 2005നും ഇടയില്‍ കാലടി സര്‍വകലാശാലയില്‍ ബിഎഫ്എ മ്യൂറല്‍ പെയിന്‍റിംഗിന് ചേര്‍ന്ന വിദ്യാര്‍ഥി 2005ല്‍ പരീക്ഷ പാസാകാതെ കോഴ്സ് അവസാനിപ്പിച്ചിരുന്നു. ഇതേ വിദ്യാര്‍ഥിക്ക് 2021 ല്‍ എംഎഫ്എക്ക് അഡ്മിഷന്‍ നല്‍കിയ സര്‍വകലാശാലയുടെ നടപടി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എം എഫ് എ പരീക്ഷയുടെ സമയത്താണ് പരീക്ഷാ വിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തുകയും ഈ വിദ്യാര്‍ഥിയുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കുകയും ചെയ്തത്. വാര്‍ത്തക്ക് പിന്നാലെ ഗവര്‍ണര്‍ കാലടി സര്‍വകലാശാല വിസിയോട് ഇതില്‍ വിശദീകരണം തേടി.

അഡ്മിഷനുമായി ബന്ധപ്പെട്ടെ എല്ലാ ഫയലുകളും എത്തിക്കാനും നിര്‍ദേശം നല്‍കി. തോറ്റ വിദ്യാര്‍ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കറ്റ് തീരുമാനം തടയാനും ഗവര്‍ണര്‍ ഉത്തരവിട്ടു. ഇതൊന്നും നടപ്പാക്കാന്‍ വിസിയായ ഡോക്ടര്‍ കെ.കെ. ഗീതാകുമാരി തയ്യാറായില്ല. ഇതോടെയാണ് ഗവര്‍ണര്‍ കടുത്ത നടപടി സ്വീകരിച്ചത്. കെ.കെ. ഗീതാ കുമാരിയെ ചുമതലയില്‍ നിന്ന് മാറ്റി. പകരം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസിന് സംസ്കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്‍കി. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് സര്‍വകലാശാല സംസ്കൃത വിഭാഗം അധ്യക്ഷയായ കെ.കെ. ഗീതാ കുമാരിയെ സംസ്കൃത സര്‍വകലാശാലയുടെ താത്കാലിക വിസിയായി നിയമിച്ചത്.

YouTube video player