അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ പിഎസ്‍‍സി പുറത്താക്കാൻ ശുപാർശയിൽ സർക്കാരിൽ ഭിന്നത. അർലേക്കറെ ആരോഗ്യ മന്ത്രി ന്യായീകരിച്ചപ്പോൾ, റവന്യു മന്ത്രി പരസ്യമായി തള്ളി. സർക്കാരിനെ അറിയിക്കാതെയുള്ള ഗവർണറുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നാണ് അനിൽ കുമാറിന്റെ വിമർശനം

തിരുവനന്തപുരം: പി എസ്‍ സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത, ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ സംസ്ഥാന സർക്കാരിൽ ഭിന്നത. ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്നേയുള്ള അർലേക്കറുടെ നടപടിയെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയപ്പോൾ പരസ്യമായി തള്ളി റവന്യു മന്ത്രി എ പി അനിൽ കുമാറും പ്രതികരിച്ചു. സർക്കാരിനെ ഇരുട്ടിൽ നിർത്തി, സർക്കാരിനെ അറിയിക്കാതെ തന്നെ പി എസ് സി ചെയർമാനെയടക്കം പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നാണ് അനിൽ കുമാർ അഭിപ്രായപ്പെട്ടത്. ഇക്കാര്യം ഗവർണർ സ്ഥാനത്തിരുന്ന അർലേക്കർ ആദ്യം സർക്കാരിനെ അറിയിക്കേണ്ടിയിരുന്നു എന്നും റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു.

റവന്യു മന്ത്രിയുടെ നിലപാട്

പരീക്ഷാ ക്രമക്കേടിൽ ആരോപണവിധേയരായ പി എസ് സി ചെയർമാനെയും അംഗങ്ങളെയും ഒരു തരി പോലും ന്യായീകരിക്കുന്നില്ല. എന്നാൽ, സർക്കാരിനെ ഇരുട്ടിൽ നിർത്തി, സർക്കാരിനെ അറിയിക്കാതെ തന്നെ പി എസ് സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി അതീവ ഗൗരവമുള്ളതാണ്. നിലവിൽ ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുൻപ്, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപ് ഇത്തരത്തിൽ ഒരു തിടുക്കപ്പെട്ട ശുപാർശ നൽകുന്നത് ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ല. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുത്.

ആരോഗ്യമന്ത്രിയുടെ നിലപാട്

പി എസ്‍ സിയുടെ ഭാഗത്ത് ക്രമക്കേട് വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പി എസ്‍ സി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നത്. പി എസ്‍ സി സ്വതന്ത്ര സ്ഥാപനം ആണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. അതുകൊണ്ടാണ് സർക്കാർ ഇടപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു. അഴിമതിയുള്ള സ്ഥാപനമായി പി എസ്‍ സി മാറി. എൽ ഡി എഫ് പറയുന്നത് രാഷ്ട്രീയമാണ്. പി എസ്‍ സിയെ ഇത്രയും വഷളാക്കിയ കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിൽ വേറെയില്ല. ഈ പി എസ്‍ സി പോകണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പി എസ്‍ സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player