Asianet News MalayalamAsianet News Malayalam

'വാക്ക് കൈവിട്ട് പോയി, പക്ഷേ പറഞ്ഞ കാര്യത്തിൽ ഒരു മാറ്റവുമില്ല', റാഫി പുതിയ കടവിൽ

തനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് ലീഗ് പ്രവർത്തകർ ഗൾഫിൽ നിന്നൊക്കെ അടക്കം വിളിച്ചിരുന്നെന്നാണ് റാഫി പുതിയ കടവിൽ പറയുന്നത്. കുഞ്ഞാലിക്കുട്ടിയെ പറഞ്ഞാൽ അത് തങ്ങളെ പറയുന്നത് പോലെത്തന്നെയല്ലേ എന്നും റാഫി പറയുന്നു. 

dramatic events at league house rafi valiya kadavil response on mueen ali thangal
Author
Kozhikode, First Published Aug 6, 2021, 12:49 PM IST

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ്  മുഈൻ തങ്ങൾക്കെതിരെ വാർത്താസമ്മേളനത്തിനിടെ വിളിച്ച് പറഞ്ഞ മോശം വാക്കുകളിൽ ഖേദമുണ്ടെന്ന് ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ. എന്നാൽ വാക്കുകളേ കൈവിട്ട് പോയുള്ളൂവെന്നും, പറഞ്ഞ കാര്യത്തിൽ ഒരു മാറ്റവുമില്ലെന്നും റാഫി പുതിയ കടവിൽ പറയുന്നു. മുഈൻ അലി തങ്ങൾക്കെതിരെ നടപടി വേണമെന്നതാണ് ലീഗ് പ്രവർത്തകരുടെ ആവശ്യമെന്നും റാഫി വ്യക്തമാക്കുന്നു. 

തനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് ലീഗ് പ്രവർത്തകർ ഗൾഫിൽ നിന്നൊക്കെ അടക്കം വിളിച്ചിരുന്നെന്നാണ് റാഫി പുതിയ കടവിൽ പറയുന്നത്. കുഞ്ഞാലിക്കുട്ടിയെ പറഞ്ഞാൽ അത് തങ്ങളെ പറയുന്നത് പോലെത്തന്നെയല്ലേ എന്നും റാഫി പറയുന്നു. താൻ കുഞ്ഞാലിക്കുട്ടിയുടെ ആളായല്ല വാർത്താസമ്മേളനത്തിൽ എതിർപ്പുയർത്തിയത്. ലക്ഷക്കണക്കിന് പേർ ആരാധിക്കുന്ന വലിയ നേതാവാണ് പാണക്കാട് തങ്ങൾ. ആ തങ്ങളെക്കുറിച്ച് പറഞ്ഞാൽ തനിക്ക് സഹിക്കില്ല. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പറഞ്ഞാൽ അത് തങ്ങളെക്കുറിച്ച് പറയുന്നത് പോലെത്തന്നെയാണ്. അതിനാലാണ് പ്രതികരിച്ച് പോയതെന്നും, ഖേദമുണ്ടെന്നും, പക്ഷേ പറഞ്ഞ കാര്യങ്ങളിൽ ഒരു ഖേദവുമില്ലെന്നും റാഫി പുതിയ കടവിൽ പറയുന്നു. 

മുഈൻ അലി തങ്ങൾ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങൾ

ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ്. കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യൽ പാണക്കാട് കുടുംബത്തിൽ എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്‍റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങൾ രോഗിയായി മാറിയത്. ഇന്നലെ വൻ വാർത്തയായി മാറിയ വാർത്താസമ്മേളനത്തിൽ മുഈൻ അലി തങ്ങൾ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. 

നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ കെ ടി ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലീഗിന്‍റെ അഭിഭാഷക സംഘടനാ പ്രസിഡന്‍റ് മുഹമ്മദ് ഷാ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനമാണ് അത്യന്തം നാടകീയതയിലേക്ക് വഴിമാറിയത്. 

പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരങ്ങിയെന്നും തിരുത്തല്‍ വേണമെന്നും മുഈൻ അലി പറഞ്ഞതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവ് അസഭ്യവര്‍ഷവുമായി കയറിവന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

2004-ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസിനു പിന്നാലെ ഇന്ത്യാവിഷന്‍ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് റാഫി. കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഇന്ത്യാവിഷന്‍ ഓഫീസിനെതിരായ ആക്രമണം.

Follow Us:
Download App:
  • android
  • ios