Asianet News MalayalamAsianet News Malayalam

'കേഡര്‍മാര്‍ക്ക് ഇന്‍സെന്‍റീവ്, സ്റ്റേജില്‍ ആള്‍ക്കൂട്ടം പാടില്ല'; അടിമുടി മാറാന്‍ കോണ്‍ഗ്രസ്

വ്യക്തിപരമായി ആരും ഫ്ലെക്സ് ബോർഡുകൾ വെക്കരുത്. സ്റ്റേജിൽ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍
 

drastic changes in congress no flex and incentive for cadre
Author
Trivandrum, First Published Sep 9, 2021, 10:39 AM IST

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കി നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ പാതയൊരുക്കിയാണ് മാർഗ്ഗരേഖ. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്. 

തർക്കങ്ങളും പരാതികളും തീർക്കാൻ ജില്ലാതലങ്ങളിൽ സമിതി ഉണ്ടാക്കും. പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകർക്ക് പ്രതിമാസം ഇൻസെന്‍റീവ് അനുവദിക്കും. കേഡർമാരുടെ മുഴുവൻ സമയ പ്രവർത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇൻസെന്‍റീവ്. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ വിലയിരുത്തും. കടലാസിൽ മാത്രമുള്ള ബൂത്ത് കമ്മിറ്റികൾ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ ഡിസിസി പ്രസിഡണ്ടുമാർ വിലയിരുത്തി കെപിസിസിക്ക് റിപ്പോർട്ട് നൽകണം. വീഴ്ചയുണ്ടായാൽ വീശദീകരണം തേടി നടപടി ഉണ്ടാകും.

ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവർത്തകരും സജീവമായി ഇടപെടണം. അണികളാണ് പാർട്ടിയുടെ മുഖമെന്ന നിലയ്ക്ക് പ്രവർത്തിക്കണം. തർക്കങ്ങളും പരാതികളും ജില്ലാതലങ്ങളിൽ തീർക്കണം. അതിനായി ജില്ലാതല സമിതിക്ക് രൂപം നൽകും. അവിടെയും തീ‍രാത്ത ഗൗരവ പ്രശ്‍നമെങ്കില്‍ കെപിസിസി ഇടപെടും. ഫ്ലെക്സ് പാർട്ടി, സ്റ്റേജില്‍ ആള്‍ക്കൂട്ടമെന്ന ചീത്തപ്പേരും മാറ്റുകയാണ്. വ്യക്തിപരമായി ആരും ഫ്ലെക്സ് വെക്കരുത്. പാ‍ർട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ഫ്ലെക്സ് സ്ഥാപിക്കുക.

പാർട്ടി പരിപാടികളുടെ വേദികളിൽ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാർട്ടി പരിപാടികൾക്കായി പ്രാദേശിക നേതാക്കൾ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ. വ്യക്തി വിരോധത്തിന്‍റെ പേരിൽ ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്. ഡിസിസി പ്രസിഡണ്ടുമാരുടെ അഭിപ്രായം കൂടി ചേർത്ത് പുതുക്കി മാർഗ്ഗരേഖ നടപ്പാക്കി മാറ്റവുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios