മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27-ലേക്ക് മാറ്റി. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു

ദില്ലി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി. മറ്റ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും നെതർലൻഡിൽ നിന്നുള്ള റിപ്പോർട്ട് പരിഭാഷപ്പെടുത്താൻ സമയം വേണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നടപടി. ഡ്രജര്‍ ഇടപാടിനെക്കുറിച്ച് നെതര്‍ലന്‍ഡിലെ കമ്പനിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പരിഭാഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമയം തേടിയത്. കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ നിയമ സാധുതയാണ് സുപ്രിംകോടതി ഇനി പരിശോധിക്കുകയെന്ന് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണത്തിൽ തങ്ങളുടെ പങ്ക് അവസാനിച്ചെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം കേസ് മൂന്ന് വർഷമായി തുടരുകയാണെന്ന് ജേക്കബ് തോമസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതോടെ, സർക്കാർ കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഹൈക്കോടതി ഉത്തരവിലെ നിയമവിഷയം മാത്രമേ പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശേഷമാണ് കേസ് കൂടുതൽ വാദത്തിനായി ഒക്ടോബർ 27 ലേക്ക് മാറ്റിയത്.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ 2019 ലാണ് വിജിലൻസ് കേസെടുത്തത്. 2021 നവംബറി‍ൽ ഹൈക്കോടതി കേസ് റദ്ദാക്കി. 2023 ലാണ് ഡ്രഡ്ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ഇതോടെയാണ് കേസിൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് വഴിയൊരുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം