ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഓണം-ടൂറിസം വാരാഘോഷത്തിന്‍റെ സമാപനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ ഭീഷണി ഒഴിവാക്കാൻ ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു. ഡ്രോൺ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ സംവിധാനങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ ഒഴിവാക്കാനും വിഐപി സുരക്ഷ ഉറപ്പാക്കാനുമായി ഡ്രോൺ റൂൾസ് 2021-ലെ ചട്ടം 24 പ്രകാരമാണ് നടപടി. ഇന്നും നാളെയും തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വ്യോമമേഖലാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും പ്രവർത്തിപ്പിക്കുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദർശന സമയത്ത് പൊതുജനങ്ങളും ഡ്രോൺ ഓപ്പറേറ്റർമാരും സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന്‍റെ സമാപന ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും. വെള്ളയമ്പലം മാനവീയം വീഥിയുടെ സമീപത്തെ വയലാറിന്റെ പ്രതിമയ്ക്ക് മുന്നിലാണ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കും. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പാളയം ഭാഗത്തെ പ്രത്യേക പവലിയനിൽ ഘോഷയാത്ര കാണും. ഉപരാഷ്ട്രപതിയുടെ വരവിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തുന്നത്. രാവിലെ 8.30ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന ഉപരാഷ്ട്രപതി നേരെ ആലപ്പുഴയിലേക്ക് പോകും. കേരളകൗമുദി പത്രത്തിന്റെ വാർഷികാഘോഷ ചടങ്ങിലും പദ്മഭൂഷൺ ബഹുമതി ലഭിച്ച വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കും. ആറന്മുളയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്നഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. പിന്നീട് തിരുവനന്തപുരത്തേക്ക് എത്തുന്ന ഉപരാഷ്ട്രപതി ഓണം വാരാഘോഷ സമാപനം പരിപാടിയിൽ പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എറണാകുളത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ട്.

