കേരള ഷോളയാറിലെ ജനറേറ്റർ തകരാർ പരിഹരിക്കാത്തതാണ് ജലമൊഴുക്ക് നിലച്ചതിന്‍റെ കാരണം.
തൃശൂര്‍ : ചാലക്കുടിപ്പുഴ വറ്റി വരണ്ടതോടെ തൃശൂര്‍, എറണാകുളം ജില്ലകളിലെ അഞ്ച് നിയോജക മണ്ഡലങ്ങള്‍ക്കുള്ള ജലസേചനം പ്രതിസന്ധിയിലായി. ഷോളയാറിലെ വാല്‍വ് തുറന്ന് വെള്ളമൊഴുക്കി ജല വിതരണം ക്രമീകരിക്കണമെന്നാണ് ആവശ്യം. കേരള ഷോളയാറിലെ ജനറേറ്റർ തകരാർ പരിഹരിക്കാത്തതാണ് ജലമൊഴുക്ക് നിലച്ചതിന്‍റെ കാരണം.
വര്‍ഷകാലത്ത് പ്രളയവും വേനല്‍ക്കാലത്ത് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനാവാത്ത പ്രതിസന്ധിയുമാണ് ഇവിടുത്തെ കർഷകർ നേരിടുന്നത്. ചാലക്കുടിപ്പുഴയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിനാളുകളുടെ ദുരിതത്തിന് ഇന്നും അറുതിയായിട്ടില്ല. മഴ കുറഞ്ഞ് വേനല്‍ വരവറിയിച്ചതോടെ ചാലക്കുടിപ്പുഴയോരം വറ്റിവരണ്ടു. ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്കീം പ്രകാരം, 22 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ, 14,142 ഹെക്ടര്‍ കൃഷിയിടങ്ങള്‍ ആശ്രയിക്കുന്നത് ചാലക്കുടിപ്പുഴയെയാണ്. അതിരപ്പിള്ളിവെള്ളച്ചാട്ടത്തെ ചുറ്റിപ്പറ്റിയുള്ള ടൂറിസവും പെട്ടിരിക്കുകയാണ്.
വൈദ്യുതി വകുപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദിയെന്നാണ് വ്യക്തമാകുന്നത്. നീരൊഴുക്ക് ക്രമീകരിക്കുന്നതിനുള്ള വെള്ളം കേരളാ ഷോളയാറിലിപ്പോഴുണ്ട്. കേരളാ ഷോളയാറില്‍ നിന്ന് പൊരിങ്ങല്‍ കുത്ത് ഡാമിലേക്ക്, അവിടെ നിന്ന് അതിരപ്പിള്ളി വഴി ചാലക്കുടിപ്പുഴയിലേക്ക്, ഇങ്ങനെയാണ് വെള്ളം വരുന്ന വഴി. ജനറേറ്റര്‍ തകരാറ് വേഗത്തില്‍ പരിഹരിക്കാനായില്ലെങ്കില്‍ വാല്‍വ് തുറന്ന് നിശ്ചിത അളവ് വെള്ളം ഒഴുക്കിവിടണമെന്നാണ് ആവശ്യം.
Read More : പെട്ടി പൊട്ടിക്കാത്ത ആദ്യത്തെ ഐഫോണ്‍ വീണ്ടും ലേലത്തില്‍ പോയി; ലഭിച്ച വില കേട്ട് ഞെട്ടരുത്.!

