കൊടുംവരൾച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോയെന്ന് ആശങ്ക. നഗരത്തിലേക്ക് വെളളമെത്തുന്ന പേപ്പാറ അണക്കെട്ടിൽ പരമാവധി 28 ദിവസത്തേക്കുളള വെളളം മാത്രമാണ് ഇനി ശേഷിക്കുന്നത്. വനമേഖലയിൽ നിന്ന് നീരൊഴുക്ക് നിലച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു
തിരുവനന്തപുരം: കൊടുംവരൾച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോയെന്ന് ആശങ്ക. നഗരത്തിലേക്ക് വെളളമെത്തുന്ന പേപ്പാറ അണക്കെട്ടിൽ പരമാവധി 28 ദിവസത്തേക്കുളള വെളളം മാത്രമാണ് ഇനി ശേഷിക്കുന്നത്. വനമേഖലയിൽ നിന്ന് നീരൊഴുക്ക് നിലച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. വേനൽമഴയെത്തിയില്ലെങ്കിൽ തലസ്ഥാന നഗരത്തിൽ ജലഉപയോഗത്തിന് നിയന്ത്രണം വന്നേക്കും. കരമനയാറിൽ പണിത പേപ്പാറ അണക്കെട്ടിൽ നിന്ന് അരുവിക്കരയിലേക്ക് എത്തിച്ച് ശുദ്ധീകരിച്ചാണ് തിരുവനന്തപുരം നഗരത്തിലുള്ളവര്‍ വെളളം കുടിക്കുന്നത്. നാല് ലക്ഷത്തോളം കണക്ഷനാണുള്ളത്. ദിവസം നാനൂറ് ദശലക്ഷം ലിറ്റർ വരെ വെളളം പേപ്പാറയിൽ നിന്ന് ചെല്ലണം.
107.5 മീറ്റർ സംഭരണശേഷിയുളള അണക്കെട്ടിൽ ഇപ്പോൾ ജലനിരപ്പ് 96.65 മീറ്ററായി താഴ്ന്നു. വന്യജീവി സങ്കേതത്തിനുളളിലെ തടാകനടുവിൽ മൺകൂനകൾ തെളിഞ്ഞു. മരക്കുറ്റികൾ കാണാം. അഗസ്ത്യവനമേഖലയിൽ നിന്ന് നീരൊഴുക്കും നിലച്ചു. ജലനിരപ്പ് 86 മീറ്ററിൽ താഴ്ന്നാൽ അരുവിക്കരയിലേക്ക് വെളളം നൽകാനാവില്ല. 90 മീറ്ററായാൽ വെളളത്തിന്‍റെ നിലവാരം മോശമാകും. വേനൽമഴ കാര്യമായി കിട്ടിയില്ലെങ്കിൽ വലിയ പ്രതിസന്ധിയായിരിക്കും ഉണ്ടാവുക. തലസ്ഥാന നഗരത്തിലെ ജലഉപയോഗത്തിന് നിയന്ത്രണം വന്നേക്കും. ഗാർഹിക ഉപയോഗത്തിനുളള വെളളം പരിമതപ്പെടുത്തിയും ശുദ്ധജല ദുരുപയോഗത്തിനെതിരെ നിയമനടപടി കടുപ്പിച്ചും ഘട്ടംഘട്ടമായാവും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. പ്രതിസന്ധി പരിഹരിക്കാൻ നെയ്യാർ ഡാമിൽ നിന്ന് അരുവിക്കരയിലേക്ക് വെളളമെത്തിക്കാനും ശ്രമമുണ്ട്.


