ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം. ബെംഗളൂരു മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബെംഗളൂരു എൻസിബി സോണൽ ആസ്ഥാനത്ത് ഇന്നലെ രാത്രി മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 

ഇഡിക്ക് പിന്നാലെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയും ബിനീഷിനുമേല്‍ പിടിമുറുക്കുകയാണ്. ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എന്‍സിബി ആദ്യമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിനീഷിനെ കേസിൽ പ്രതി ചേർക്കുന്നതടക്കമുള്ള നടപടികളിലേക്ക് എൻസിബി കടന്നേക്കും. കേസിൽ എൻസിബി നിലപാട് ബിനീഷിന് നിർണായകമാണ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തെന്ന് ഇഡി അവകാശപ്പെടുന്ന ഡെബിറ്റ് കാർഡിനെ കുറിച്ചും, ബിനീഷ് ആരംഭിച്ച കമ്പനികളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ബിനാമികളെന്ന് കണ്ടെത്തിയവർ അന്വേഷണത്തോട്‌ സഹകരിക്കാത്തതും കോടതിയിൽ അറിയിച്ചേക്കും.