മംഗള എക്സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്.
കൊച്ചി: ആലുവയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോയിലധികം എംഡിഎംഎയുമായി (MDMA) രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സൈനുലാബുദ്ദീൻ എന്നിവരെയാണ് എക്സൈസ് ഇന്റെലിജൻസ് പിടികൂടിയത്. മംഗള എക്സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എം ഡി എം എ. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് യുവാക്കൾ വെളിപ്പെടുത്തി. തൃശൂർ എക്സൈസ് ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൂന്ന് കോടിയിലധികം വിലവരുന്ന ലഹരിമരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹാമർ ത്രോ റെക്കോർഡ് ചാമ്പ്യനാണ് പിടിയിലായ രാഹുൽ. പരിശീലനത്തിനെന്ന പേരിലാണ് രാഹുൽ സുഹൃത്തിനൊപ്പം ദില്ലിയിലേക്ക് പോയത്. ന്യൂയർ പാർട്ടികളിൽ വിതരണം ചെയ്യാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികളുടെ മൊഴി. ഇവർ നേരത്തെയും ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹരിമരുന്നെത്തിയേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് വ്യാപകമായി പരിശോധന നടത്തുന്നുണ്ട്
