തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതിയിലൂടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗോത്ര കലാ സാസ്കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി ആറുലക്ഷം രൂപ മാര്‍ച്ച് മൂന്നിനാണ് അനുവദിച്ചത്.

തിരുവനന്തപുരം: ആറുലക്ഷം രൂപ മുടക്കി ആദിവാസികൾക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (District Panchayat Office Thiruvananthapuram) വാങ്ങി നൽകിയ ചെണ്ടകൾ ഒരുമാസത്തിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. ഒന്ന് കൊട്ടിയപ്പോൾ ചെണ്ടകൾ തകർന്നതോടെ കലാമേളകളിൽ പോലും പങ്കെടുക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ് ആദിവാസി സ്ത്രീകൾ (Tribal Women). തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതിയിലൂടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗോത്ര കലാ സാസ്കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി ആറുലക്ഷം രൂപ മാര്‍ച്ച് മൂന്നിനാണ് അനുവദിച്ചത്.

തനിമ ഗോത്ര കലാവേദി, ശംഖൊലി കലാസമിതി, ശ്രിഭദ്ര കലാസമിതി എന്നിവര്‍ക്കായി 24 തരം വാദ്യോപകരങ്ങള്‍ നെടുമങ്ങാട് പട്ടികവര്‍ഗ പ്രോജക്ട് ഓഫീസര്‍ വാങ്ങി. ഉപയോഗിച്ച് ഒരു മാസം തികയുന്നതിന് മുമ്പേ ഉപകരണങ്ങള്‍ നശിച്ചു. ഉപകരണങ്ങള്‍ വിണ്ടുകീറി. പൂപ്പലുണ്ടായെന്നും വെയിലത്ത് വെച്ചാണ് പൂപ്പല് കളഞ്ഞതെന്നും ഇവര്‍ പറഞ്ഞു. മൂന്ന് സംഘങ്ങളിലായി ആകെ 50 വനിതകളാണുള്ളത്. തൊഴിലുറപ്പ് ജോലി ഉപേക്ഷിച്ചാണ് വാദ്യകല പഠിച്ചത്. ചെണ്ട കേടായതോടെ ആരും ഇവരെ പരിപാടികള്‍ക്ക് വിളിക്കുന്നില്ല. ഒരു വര്‍ഷമായി വരുമാനമില്ല. ഇനി ചെണ്ട നന്നാക്കണമെങ്കില്‍ ഒന്നിന് പതിനായിരം രൂപ വേണം. ആദിവാസി വനിതകള്‍ മുഖ്യമന്ത്രിക്കും പട്ടിക വര്‍ഗ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ വച്ചത് കൊണ്ടാണ് ചെണ്ട പൊട്ടിയതെന്നാണ് പട്ടിക വര്‍ഗ പ്രോജക്ട് ഓഫീസറിന്‍റെ ഇക്കാര്യത്തിലെ വിശദീകരണം.