Asianet News MalayalamAsianet News Malayalam

യൂത്ത് കോൺഗ്രസ് സമരം ദുഷ്ട മനസോടെ, അധികാരക്കൊതി മൂത്ത് രക്തച്ചൊരിച്ചിലിന് ശ്രമം: ഡിവൈഎഫ്ഐ

പൊലീസിനെ പ്രകോപിപ്പിച്ച് സംഘർഷം ഉണ്ടാക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമം. ക്രിമിനൽ സംഘങ്ങളെ തിരുവനന്തപുരത്തെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി

DYFI accuses criminal conspiracy behind Youth congress protest over PSC appointments
Author
Thiruvananthapuram, First Published Feb 15, 2021, 4:58 PM IST

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനെ കടന്നാക്രമിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കേരളത്തിലെ യുവതലമുറയ്ക്ക് ആവേശം നൽകുന്ന സർക്കാരാണിത്. ഉദ്യോഗാർത്ഥികളുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണം ബാഹ്യ ഇടപെടലാണ്. പൊലീസിനെ പ്രകോപിപ്പിച്ച് സംഘർഷം ഉണ്ടാക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമം. ക്രിമിനൽ സംഘങ്ങളെ തിരുവനന്തപുരത്തെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ വകുപ്പുകളിലായി 261 തസ്തികകൾ ഇന്ന് മാത്രം സർക്കാർ സൃഷ്ടിച്ചുവെന്ന് എഎ റഹീം പറഞ്ഞു. കേരളത്തിലെ യുവതലമുറയ്ക്ക്‌ ആവേശം നൽകുന്ന സർക്കാരാണിത്. സമരം ചെയ്യുന്നവരുമായി ഒരു ശത്രുതയും ഡിവൈഎഫ്ഐക്കില്ല, സർക്കാരിനും ഇല്ല. ബാഹ്യശക്തികളുടെ ശ്രമഫ്രലമായാണ് ചർച്ചകൾ പരാജയപ്പെടുത്തിയത്. അധികാരക്കൊതി മൂത്ത യുഡിഎഫ് അപകടകരമായ ഗൂഡാലോചനയാണ് വിഷയത്തിൽ നടത്തിയത്. 

യൂത്ത് കോൺഗ്രസ് സമരം ദുഷ്ട മനസ്സോടെയാണ്. വരും ദിവസങ്ങളിൽ പോലീസിനെ പ്രകോപിപ്പിച്ച് സംഘർഷമുണ്ടാക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമം. പത്രങ്ങളിൽ പടം അടിച്ചു വരാനുള്ള ശ്രമമാണ്.  യൂത്ത് കോൺഗ്രസിന്റെ ക്രിമിനൽ സംഘങ്ങളെ തിരുവനന്തപുരത്തെത്തിച്ചു. ഉദ്യോഗാർത്ഥികളുടെ ചിത്രം ഉപയോഗിച്ച് യുഡിഎഫ് പ്രചാരണം നടത്തുന്നു. തുടർ ഭരണം അട്ടിമറിക്കാൻ ഉദ്യോഗാർത്ഥികളുടെ ചോരവാർന്ന ചിത്രങ്ങൾ ഉപയോഗിക്കുന്നു. അപകടകരമായ രാഷ്ട്രീയമാണിത്.

യുഡിഎഫ് നേതാക്കളുടെ നാടകമാണ് സമരം. ന്യായമായ അവരുടെ ആവശ്യങ്ങൾക്കൊപ്പമാണ് സർക്കാരും ഡിവൈഎഫ്ഐയും. സമരത്തിന്റെ നേതൃനിരയിൽ ഉള്ളവരിൽ ചിലർക്ക് പിന്നിൽ ബാഹ്യശക്തികളുണ്ട്. അത് ആരൊക്കെയാണെന്ന് കേരളം നേരിൽ കണ്ടു. യൂത്ത് കോൺഗ്രസ്സും കോൺഗ്രസ്‌ നേതാക്കളും രാഷ്രീയ നാടകങ്ങളുടെ ഭാഗമായി ഇന്ന് സമര വേദിയിൽ എത്തി. അധികാരക്കൊതി മൂത്ത് മനുഷ്യന്റെ ചോര തേടി അലയുകയാണ് കോൺഗ്രസ്.

ഈ വിവാദത്തെ ഡിവൈഎഫ്ഐ ഒരു സാധ്യതയായി കാണുന്നു. കേരളത്തിലെമ്പാടും ഡിവൈഎഫ്ഐ യുവജനങ്ങൾക്ക് സർക്കാർ ചെയ്ത കാര്യങ്ങളെ കുറിച്ച് ക്യാമ്പയിൻ നടത്തും. 18 മുതൽ 28 വരെ ശക്തമായ ക്യാമ്പയിൻ നടത്തും. ജനങ്ങളോട് വിശദീകരിക്കാനുള്ള സാധ്യതയായി ഈ വിവാദത്തെ കണക്കാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എന്ത് ചെയ്തു, കേന്ദ്ര സർക്കാർ എന്ത് ചെയ്തുവെന്ന് യുവാക്കളോട് വിശദീകരിക്കും. സോഷ്യൽ മീഡിയയിൽ സമഗ്രമായ ക്യാമ്പയിൻ നടത്തുമെന്നും എഎ റഹീം വ്യക്തമാക്കി.

ഈ മാസം 20, 21 തീയ്യതികളിൽ വീടുകളിലേക്ക് നേരിട്ട് പോവും. പ്രതിപക്ഷത്തിന്റെ ദുഷ്ട മനസ്സ് ജനങ്ങൾ തിരിച്ചറിയും. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണം. അത്യാഹിതമുണ്ടാക്കലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മുസ്ലിം ലീഗിന്റെ ഫണ്ട് തട്ടിപ്പ് ചർച്ചയായില്ല. കത്വ ഫണ്ട് തട്ടിപ്പ് കേസിൽ പാണക്കാട് തങ്ങൾമാർ നിലപാട് വ്യക്തമാക്കണം. ഇവർ അധികാരത്തിൽ വന്നാൽ എന്താകും അവസ്ഥ? ഇതിന് വേണ്ടിയല്ലേ ഉദ്യോഗാർത്ഥികളെ ഉപയോഗിക്കുന്നതെന്നും റഹീം ചോദിച്ചു.

Follow Us:
Download App:
  • android
  • ios