ആളും ബഹളവുമില്ലാതെ അടഞ്ഞു കിടക്കുന്ന ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്ര പരിസരത്തില്‍ കുരങ്ങന്മാര്‍ ഭക്ഷണമില്ലാതെ വലഞ്ഞിരിക്കുമ്പോഴാണ് ഡിവൈഎഫ്‌ഐക്കാര്‍ ഭക്ഷണവുമായെത്തിയത്. 

കൊല്ലം: ലോക്ഡൗണായതോടെ അന്നം മുടങ്ങിയ ശാസ്താംകോട്ടയിലെ അമ്പലക്കുരങ്ങന്‍മാര്‍ക്ക് നാട്ടിലെ ചെറുപ്പക്കാരുടെ കരുതല്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മിണ്ടാ പ്രാണികള്‍ക്ക് ആഹാരവുമായെത്തിയത്. ആളും ബഹളവുമില്ലാതെ അടഞ്ഞു കിടക്കുന്ന ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്ര പരിസരത്തില്‍ കുരങ്ങന്മാര്‍ ഭക്ഷണമില്ലാതെ വലഞ്ഞിരിക്കുമ്പോഴാണ് ഡിവൈഎഫ്‌ഐക്കാര്‍ ഭക്ഷണവുമായെത്തിയത്. 

സന്തോഷിന്റെ വിളികേട്ട് കുട്ടി കുരങ്ങന്‍മാരാദ്യമെത്തി. അപ്പോഴേക്കും സഞ്ചി നിറയെ ആഹാരവുമായി സന്തോഷിന്റെ സഹപ്രവര്‍ത്തകരെത്തി. ആദ്യം ഇലയിട്ടു. ഇലയില്‍ ചോറിട്ടു. മാമ്പഴമിട്ടു. ചെഞ്ചുവപ്പന്‍ തണ്ണിമത്തനുമിട്ടു. ഇല നിറയാന്‍ വാനരക്കൂട്ടമങ്ങനെ ആ ചെറുപ്പക്കാര്‍ക്കു ചുറ്റും കാത്തു നിന്നു. ഇല നിറഞ്ഞപ്പോഴേക്കും കാത്തു നിന്ന വാനരന്‍മാര്‍ക്കിടയിലൂടെ വാനര സംഘത്തിന്റെ ക്യാപ്റ്റന്‍ മാസ് എന്‍ട്രി നടത്തി.

നാട്ടുകാര്‍ സായിപ്പെന്നു വിളിക്കുന്ന മൂത്ത കുരങ്ങനായി മറ്റുളളവര്‍ മാറിനിന്നു. തലവന്‍ കഴിച്ചു മടങ്ങിയതോടെ പിന്നെയൊരു കൂട്ടപ്പൊരിച്ചിലായിരുന്നു. ഇതിനിടയില്‍ കണ്ട ഒരമ്മയുടെ കരുതല്‍ ഇത്തിരി വേറിട്ടതായി.

മിണ്ടാപ്രാണികള്‍ ആസ്വദിച്ചു കഴിക്കുന്നത് ആ ചെറുപ്പക്കാര്‍ നോക്കി നിന്നു. ലോക്ക്ഡൗണ്‍ തീരും വരെ കുരങ്ങന്‍മാര്‍ക്ക് അന്നം ഉറപ്പാക്കുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആര്‍.അരുണ്‍ ബാബു പറഞ്ഞു. കഴിഞ്ഞ ലോക് ഡൗണ്‍ കാലത്തും ഈ അമ്പലക്കുരങ്ങന്‍മാര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അന്നമൂട്ടിയിരുന്നു.