Asianet News MalayalamAsianet News Malayalam

'രാജ്യദ്രോഹകേസ് രാഷ്ട്രീയ അജണ്ട'; ഐഷയുടെ പോരാട്ടത്തിന് പൂ‍ർണ പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

ഐഷയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്  എസ് സതീഷ് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി

DYFI announces all support to Aisha sultana in sedition case
Author
Kochi, First Published Jul 9, 2021, 6:40 PM IST

കൊച്ചി: ലക്ഷദ്വീപിൽ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. ഐഷയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്  എസ് സതീഷ് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ഐഷയുടെ പോരാട്ടത്തിന് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഐഷയ്ക്കെതിരെ കേസ് എടുത്തതെന്നും സംഘടന അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് ഇന്നലെയും ചോദ്യം ചെയ്തിരുന്നു. കവരത്തി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. രണ്ടു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ സഹോദരന്‍റെ  ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരന്‍റെ ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു. പൊലീസിന്‍റെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്ന് ഐഷ സുൽത്താന പിന്നാലെ പ്രതികരിക്കുകയും ചെയ്തു.

നേരത്തെ ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ നടത്തിയ ബയോവെപ്പൺ എന്ന പരാമർശമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാൻ കാരണമായത്. കേസിൽ ഐഷക്ക് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

Follow Us:
Download App:
  • android
  • ios