തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനത്തിന്‍റെ ചിത്രമാണ് റഹീം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്

തിരുവനന്തപുരം: പി സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗം സംബന്ധിച്ച വിവാദവും ചര്‍ച്ചകളും തുടരുന്നതിനിടെ കേരളം വർഗീയതയ്ക്ക് കീഴടങ്ങില്ലെന്നുള്ളതിന്‍റെ ഉദാഹരണം പങ്കുവെച്ച് എ എ റഹീം എംപി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനത്തിന്‍റെ ചിത്രമാണ് റഹീം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 'വൈകുന്നേരം ചായ കുടിക്കാന്‍ ഇത് ഉപയോഗിക്കുക, ഈദ് മുബാറക്' എന്നെഴുതിയ കവര്‍ പൊതിച്ചോറില്‍ ഒട്ടിച്ചുവെച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഗുളികകള്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന കവറിലാണ് ഇങ്ങനെ എഴുതിയിട്ടുള്ളത്. ചന്തൂട്ടന്‍, അമ്പിളി, നന്ദു, ചന്തു, രാജന്‍ എന്നീ പേരുകളും കവറിലെ എഴുത്തിലുണ്ട്. വർഗീയവാദികൾ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവുമുള്ളതെന്ന് എ എ റഹീം പറഞ്ഞു. പി സി ജോര്‍ജ് വിഷയത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരൻ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് എ എ റഹീം ഇന്നലെ പറഞ്ഞിരുന്നു. ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരള പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനു മേൽ സമ്മർദ്ദം സൃഷ്ടിക്കുകയുമാണ് മുരളീധരന്‍ ചെയ്തതെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കും.

മതമൈത്രി തകർക്കാനും വർഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും റഹീം പറഞ്ഞു. 

എ എ റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വർഗീയവാദികൾ വിഷം ചീറ്റുമ്പോഴും

നന്മനിറഞ്ഞ മനുഷ്യരാണ് അധികവും.

ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ സഖാക്കൾ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനം.

ഏതോ അപരിചിതനു വേണ്ടി...

ഏതോ മതക്കാരനു വേണ്ടി...

ഏതോ മനുഷ്യന് വേണ്ടി..

ഒരു കുടുംബത്തിന്റെ ഈദ് സമ്മാനം .

കേരളം വർഗീയതയ്ക്ക് കീഴടങ്ങില്ല.