തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രസ്താവനയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റഹീമിന്‍റെ മറുപടി. 

Read More:'മൂത്ത മോദി വിരോധി മമതയുടെ ബംഗാളില്‍ നടപ്പാകും, പിന്നയല്ലേ കേരളം'; പിണറായി വിജയനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതി മൂത്ത മോദി വിരോധി  ദീദിയുടെ ബംഗാളില്‍ മാത്രമല്ല കേരളത്തിലും നടപ്പിലാക്കുമെന്നാണ് കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം വിരട്ടില്‍ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതിയെന്നുമാണ് എഎ റഹീം തിരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

വിരട്ടൽ ഇവിടെ വേണ്ട,
ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി.

ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും വന്നാൽ അത് കേരളത്തിൽ നടക്കില്ല തന്നെ. "അങ്ങ് മമതയുടെ ബംഗാളിൽ നടന്നു, പിന്നെയല്ലേ കേരളം" എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്.

ഈ ചുവന്ന കൊടിക്കു കീഴിൽ മുപ്പത്തിമൂന്നു വർഷം ബംഗാൾ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാർട്ടിക്കാർ. അന്ന് ഉത്തരേന്ത്യ മുഴുവൻ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആർഎസ്എസ് അലഞ്ഞപ്പോൾ ചെങ്കൊടി പറക്കുന്ന ബംഗാളിൽ ഒരു മനുഷ്യനെയും മതത്തിന്റെ പേരിൽ കൊല്ലാൻ പോയിട്ട് ഒന്നു പോറലേൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകർന്നില്ല, ഒരു വർഗീയ കലാപവും നടന്നില്ല.

ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങൾ. ഇന്ന് ഉത്തർപ്രദേശും മഹാരാഷ്ട്രയും കർണാടകയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വർഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാൾ.

കേരളം വേറെ ലെവലാണ് മിസ്റ്റർ.
കേരളം തലയുയർത്തി നിൽക്കും. ഷൂസ് നക്കുന്നവർക്കൊപ്പമല്ല, നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് ഈ നാട്.

നേരം വെളുക്കാത്തതും ബിജെപിക്കാർക്ക് മാത്രമാണ്. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കർഷകരെയും, വിദ്യാർഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകൾ കാണൂ... ജനങ്ങൾ തീയിട്ട ബിജെപി ഓഫീസുകൾ കാണൂ...

രാജ്യം ഭരിക്കുന്നവർക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തിൽ.!!.
വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി.