ജി സുധാകരന്റെ കവിതയ്ക്ക് കവിതയിലൂടെ തന്നെ മറുപടി നൽകിയിരിക്കുകയാണ് ആലപ്പുഴയിലെ ഡിവൈഎഫ്ഐ നേതാവ്

ആലപ്പുഴ: ഉൾപ്പാർട്ടി പ്രശ്നങ്ങളെ പരോക്ഷമായി പരാമർശിക്കുന്ന സിപിഎം സംസ്ഥാന സമിതിയംഗം ജി സുധാകരന്റെ കവിത വിവാദത്തിൽ. കവിതയ്ക്ക് കവിതയിലൂടെ തന്നെ മറുപടി നൽകിയിരിക്കുകയാണ് ആലപ്പുഴയിലെ ഡിവൈഎഫ്ഐ നേതാവ്. ഞാൻ ' എന്ന കവിതയിലൂടെ ഡിവൈഎഫ്ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കലാണ് മറുപടി നൽകിയിരിക്കുന്നത്.

അനു കോയിക്കലിന്റെ കവിത

ഞാൻ

ഞാൻ ചെയ്ത ഗുണങ്ങൾ എത്രയെത്ര അനുഭവിച്ചു നിങ്ങൾ ......
തിരിച്ചെനിക്കൊ....നന്ദിയില്ലാ മുഖങ്ങൾ മാത്രം ...
നന്ദി കിട്ടുവതിനായി ഞാൻ ചെയ്തതോ കേൾക്കുനിങ്ങൾ ....
രാജാവിനധികാരം ഉപയോഗിച്ചു ഞാൻ .... 
പ്രജകൾ തൻ അഭിമനം ഞാനുണ്ടോ അറിവതു ....
അധികാരത്തിൻ ബലത്തിലല്ലോ ഞാനതു ചെയ്തതു ...
അധികാരമൊഴിയുമോരുന്നാൾ എന്നതുണ്ടോ ഓർക്കുവതു ഞാൻ ....
പുതിയ പാദങ്ങൾ പടവുകൾ താണ്ടിയെത്തീടണമെന്നത് 
കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓർത്തില്ല ഞാൻ .....
ഞാൻ ചെയ്‌വതിൻ ഗുണങ്ങൾ ഗുണങ്ങളായി തന്നെ ...
എന്നിലെത്തുമെന്നതു മാത്രം സത്യം.

നേട്ടവും കോട്ടവും എന്ന് പേരിട്ടിരിക്കുന്ന ജി സുധാകരന്റെ പുതിയ കവിത ഈ ലക്കം കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിതയെന്നും ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും എഴുതി, നവാഗതർക്ക് സമർപ്പിച്ചുകൊണ്ട് കലാകൗമുദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ ചിത്രം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അനു കോയിക്കലിന്റെ മറുപടി. സംഭവം പാർട്ടിക്കകത്ത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാനാണ് സാധ്യത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona