രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പീഡന വീരന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഇവരെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
പാലക്കാട്: യുവതിയുടെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘പീഡന വീരന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഇവരെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്. പ്രദേശത്ത് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്ന് വൈകുന്നേരമാണ് പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്.
അതേസമയം, യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം സജീവമാക്കി. പരാതി സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ചർച്ച ചെയ്തു. യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് സ്വമേധയാ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരിയായ യുവതി ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. 4.50-ന് പരാതി രേഖാമൂലം കൈമാറിയ ശേഷം മടങ്ങുകയായിരുന്നു. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാനാണ് യുവതി ശ്രമിച്ചതെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അവിടേക്ക് എത്തിക്കുകയായിരുന്നു. തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും അതിലെ തെളിവുകളും കേസിൽ നിർണ്ണായകമാകും. ഇതോടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ കുരുക്ക് മുറുകിയിരിക്കുകയാണ്.



