വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവ് പി. ജംഷീദിനെതിരെ യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് കേസെടുത്തു. എന്നാൽ, ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡിവൈഎഫ്ഐയും അടിസ്ഥാനരഹിതമാണെന്ന് യുവതിയുടെ ഭർത്താവും പ്രതികരിച്ചു.
കൽപ്പറ്റ: വയനാട്ടിലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജംഷീദിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതെന്ന് ഡിവൈഎഫ്ഐ. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഡിവൈഎഫ്ഐ നേതൃത്വം കുറ്റപ്പെടുത്തി. ഭർത്താവിൻ്റെ സുഹൃത്തും പിണങ്ങോട് സ്വദേശിയുമായ പി ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ യുവതി ആരോപിച്ചത്. ഡിവൈഎഫ്ഐ നേതാവിനോട് സഹകരിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. കൽപ്പറ്റ പൊലീസിൽ യുവതി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ലൈംഗിക ഉദ്ദേശത്തോടെ ദേഹത്ത് സ്പർശിച്ചുവെന്ന വകുപ്പിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും പരാതി നൽകിയിട്ടുണ്ട്. സിപിഎം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം കൂടിയാണ് പി ജംഷീദ്. എന്നാൽ പരാതി തള്ളി യുവതിയുടെ ഭർത്താവ് രംഗത്ത് വന്നിരുന്നു.
തൻ്റെ ഭാര്യ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്നാണ് ഭർത്താവ് പ്രതികരിച്ചത്. പി ജംഷീദ് വളർന്ന് വരുന്ന നേതാവാണെന്നും ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും ഭർത്താവ് കുറ്റപ്പെടുത്തിയിരുന്നു. ജംഷീദിൻ്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഭാര്യയും മക്കളും ഭക്ഷണം കഴിച്ചതെന്നും പീഡന ശ്രമം ഉണ്ടായെന്ന് പറയുന്ന ദിവസം ജംഷീദ് വീട്ടിൽ വന്നിട്ടില്ലെന്നും ഭർത്താവ് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ യുവതി ഉന്നയിച്ച തെറ്റായ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് പി ജംഷീദ് പൊലീസിൽ പരാതി നൽകിയെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.



