Asianet News MalayalamAsianet News Malayalam

JoJu: ജോജുവിന് സംരക്ഷണം കൊടുക്കുമെന്ന് ഡിവൈഎഫ്ഐ, വനിതാ നേതാക്കളുടെ പരാതിയിൽ കേസെടുക്കാത്തതിനെതിരെ കോൺ​ഗ്രസ്

 ജോജുവിൻ്റെ കുടുംബത്തിൻ്റെ ജീവനും സ്വത്തിനും ഡിവൈഎഫ്ഐ സംരക്ഷണം നൽകും - ഡിവൈഎഫ്ഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു. 

DYFI Says they will protect joju george
Author
Kochi, First Published Nov 2, 2021, 11:56 AM IST

തൃശ്ശൂർ: കൊച്ചിയിൽ നടൻ ജോജു ജോർജ്ജിനെ (Joju George) വഴിയിൽ തടഞ്ഞ വിവാദത്തിൽ യൂത്ത് കോൺ​ഗ്രസിനെതിരെ (youth congress) ഡിവൈഎഫ്ഐ (DYFI). കൊച്ചിയിലെ വഴി തടയൽ സമരത്തോട് നടത്തിയ പരസ്യ പ്രതിഷേധത്തിന് പിന്നാലെ ജോജുവിനെതിരെ കോൺ​ഗ്രസും യൂത്ത് കോൺ​ഗ്രസും ശക്തമായ പ്രതിഷേധവുമായി രം​ഗത്ത് എത്തിയിരുന്നു. തൃശ്ശൂ‍ർ മാളയിലെ ജോജുവിൻ്റെ വീട്ടിലേക്ക് ഇന്നലെ വൈകിട്ട് യൂത്ത് കോൺ​ഗ്രസിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭമാർച്ച് നടത്തിയിരുന്നു.  ജോജുവിനെ ഇനിയെ മാളയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും യൂത്ത് കോൺ​ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഡിവൈഎഫ്ഐ രം​ഗത്തു വന്നിരിക്കുന്നത്. 

പ്രതികരിക്കാനുള്ള അവകാശം മൗലികവകാശമാണ്. ജോജു ജോ‍ർജ് വഴിതടയൽ സമരത്തോട് പ്രതികരിച്ചുവെന്നതിൻ്റെ പേരിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തെ കാലുകുത്താൻ അനുവ​​ദിക്കില്ലെന്ന യൂത്ത് കോൺ​ഗ്രസിൻ്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ഫാസ്റ്റിസ്റ്റ് സമീപനവുമാണ്. ഈ സാഹചര്യത്തിൽ ജോജുവിൻ്റെ കുടുംബത്തിൻ്റെ ജീവനും സ്വത്തിനും ഡിവൈഎഫ്ഐ സംരക്ഷണം നൽകും - ഡിവൈഎഫ്ഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു. 

അതേസമയം ജോജുവിനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് കോൺ​ഗ്രസ്. സ്ത്രീകൾക്ക് കേൾക്കാൻ കൊള്ളില്ലാത്ത ചീത്ത വിളികളാണ് ഇന്നലെ ജോജു നടത്തിയതെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്ത്രീകളെ പിടിച്ചു തള്ളിയാണ് ജോജു കയറി വന്നത്. ജോജുവിനെതിരെ സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കണം. അവിടെ നിരവധി പോലീസുദ്യോഗസ്ഥരുണ്ടായിരുന്നു. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് പൊലീസ് ഇടപെടുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സമരം ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. മാന്യതയുടെ സ്വരം പോലും ജോജുവിനുണ്ടായിരുന്നില്ല. തോന്ന്യാസം പറഞ്ഞാൽ പ്രവർത്തകർ പ്രതികരിച്ച് പോകും. വിഷയത്തിൽ പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നത് ശരിയല്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios