തൃശൂരിൽ ഡിവൈഎഫ്ഐ സമ്മേളനത്തിൽ അവതരിപ്പിച്ച 'മിസ്സ' നാടകത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അടിയന്തരാവസ്ഥയിലെ പീഡനത്തിനിരയായ സ്നേഹലതാ റെഡ്ഡിയുടെ കഥ പറയുന്ന നാടകത്തെ സദാചാര കണ്ണടയിലൂടെ കണ്ട് വിമർശിക്കുന്നവർ അടിയന്തരാവസ്ഥയുടെ ക്രൂരതകളെ മറയ്ക്കാൻ ശ്രമിക്കുകയാണെന്ന് സനോജ് ആരോപിച്ചു.
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ എന്ന നാടകത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നും സനോജ് വ്യക്തമാക്കി. കല ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനത്തെ ഇരയായ സ്നേഹലതാ റെഡ്ഡിയുടെ കഥയായിരുന്നു മിസ്സ. നഗ്നത പ്രദർശനം എന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ ഡിവൈഎഫ്ഐക്കെ എതിരായി ചിലർ ഉന്നയിച്ചത്
വി.കെ. സനോജിന്റെ കുറിപ്പ് പൂർണ രൂപത്തിൽ
സ്നേഹലത റെഡ്ഡിയെ ആര് മറന്നാലും
കോട്ടയംകാർ അത്ര വേഗം മറക്കില്ല.
1978-79 കാലം, കേരള സർവ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ് എഫ് ഐ ചെയർമാനായി സ: സുരേഷ് കുറുപ്പ് തിരഞ്ഞെടുക്കപ്പെട്ടു തുടർന്ന് കോട്ടയത്ത് വെച്ച് നടന്ന സർവ്വകലാശാല കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത് സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി ആയിരുന്നു.
അന്ന് അടിയന്തിരാവസ്ഥയുടെ പ്രേതം വിട്ടൊഴിയാത്ത കോട്ടയത്തെ കോൺഗ്രസ്സുകാർ പ്രഖ്യാപിച്ചു, നന്ദനയെ കോട്ടയത്ത് കാല് കുത്തിക്കില്ല, പ്രഖ്യാപനം കേട്ട കോട്ടയത്തെ ചുമട്ടുതൊഴിലാളി സഖാക്കൾ നാഗമ്പടത്ത് ഒത്തുകൂടി, തടയാൻ ധൈര്യമുള്ളവർ വരിക എന്ന് വെല്ലുവിളിയോടെ പിന്നാലെ നന്ദന വരികയും ചടങ്ങി പങ്കെടുത്ത് മടങ്ങുകയും ചെയ്തു. അന്ന് മാളത്തിൽ ഒളിച്ച അതേ കോൺഗ്രസ്സിന്റെ പിൻ തലമുറയ്ക്ക് ഇന്നും മിസയെന്നും അടിയന്തിരാവസ്ഥയെന്നും സ്നേഹലത റെഡി എന്നുമൊക്കെ കേൾക്കുമ്പോൾ അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികം .
DYFI സമ്മേളനത്തിൻ്റെ പ്രദർശന വേദിയിൽ അവതരിപ്പിക്കപ്പെട്ട' മിസ' എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിൻ തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കാരണം ആ നാടകം മുന്നോട്ട് വെയ്ക്കുന്നത് അത്രമേൽ തീഷ്ണമായ ഒരു ചരിത്രമാണ് .
ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ. കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ് സ്നേഹലതയുടേത്. ആ സ്നേഹലതയുടെ കഥയാണ് മിസ എന്ന നാടകം പറയുന്നത്.
കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളിൽ നിന്ന്, ആരംഭിച്ച് ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന ' മിസ ' മുന്നോട്ട് വെയ്ക്കുന്നത്.
അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഢനങ്ങളെയാണ്. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം ആ സന്ദർഭത്തിൽ ഒന്നും എവിടെയും ചർച്ചയായി കണ്ടില്ല.
കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
