തിരുവനന്തപുരത്ത് എസ്എഫ്ഐ നേതാക്കളുമായുള്ള പരസ്യ പോരിന് പിന്നാലെ കന്റോൺമെന്റ് സിഐ സതീഷ് കുമാറും എസ്ഐ ഗോകുൽ ഗോപാലും അവധിയിൽ പ്രവേശിച്ചു. നേരത്തെ സിറ്റി പൊലീസ് കമ്മീഷണർ ഇരുവരെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു
തിരുവനന്തപുരം: എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷ വിവാദത്തിനിടെ കന്റോൺമെന്റ് പൊലീസിൽ അപ്രതീക്ഷിത മാറ്റം. എസ് എഫ് ഐ നേതാക്കളുമായി പരസ്യ പോരിലേർപ്പെട്ട എസ് എച്ച് ഒ കന്റോൺമെന്റ് സി ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. എസ് ഐ ജി ഗോകുൽ ഗോപാലിനെ പരിശീലനത്തിനും വിട്ടു. സിറ്റി പൊലീസ് കമ്മീഷണർ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കന്റോൺമെന്റ് പൊലീസിലെ മാറ്റം. എസ് എച്ച് ഒ സതീഷ് ഒരു ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നാണ് കമ്മീഷണറുടെ വിശദീകരണം. എസ് ഐ ഗോകുലിനെ പോക്സോ ട്രെയിനിംഗിന് അയച്ചതാണെന്നും കമ്മീഷണർ വിവരിച്ചു. മുൻപ് എസ് എച്ച് ഒയുടെ ചുമതല വഹിച്ചിരുന്ന നാർക്കോട്ടിക് സി ഐ ഷാഫിക്കാണ് താൽക്കാലിക ചുമതല.
അതേസമയംകന്റോൺമെന്റ് എസ് എച്ച് ഒയെയും എസ് ഐയെയും 10 നുള്ളിൽ മാറ്റണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് സി പി എമ്മും ഡി വൈ എഫ് ഐയും എസ് എഫ് ഐയും. എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് ആഭ്യന്തരവകുപ്പ് നിലപാട്. ഉദ്യോഗസ്ഥർക്കെതിരായ പെട്ടെന്നുള്ള നടപടി സേനക്കുള്ളിൽ അമർഷമുണ്ടാക്കുമെന്ന വിലയിരുത്തിലാണ് ആഭ്യന്തരവകുപ്പ്. പക്ഷെ പാളയം സംഘർഷത്തിനിടെ ഹോസ്റ്റലിൽ കയറി തുടർച്ചയായി എസ് ഐ ഗോകുൽ മർദ്ദിച്ചതിനെ ന്യായീകരിക്കാനാവില്ലെന്ന വിലയിരുത്തലുണ്ട്. അതിനാൽ വകുപ്പതല നടപടി അന്വേഷണത്തിന് ശേഷം ഉണ്ടാകും. എസ് എച്ച് ഒയുടേയും എസ് ഐയുടേയും വീടുകളിലേക്ക് എസ് എഫ് ഐയും ഡി വൈ എഫ് ആയും കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ കയറിപരിശോധനയും നടത്തി.
തലസ്ഥാനത്ത് എസ് എഫ് ഐ - പൊലീസ് പോര്
യൂത്ത് കോൺഗ്രസുമായുള്ള എസ് എഫ് ഐ സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ ലാത്തിചാർജ്ജ് ചെയ്തത് മുതൽ വിവാദത്തിലായിരുന്നു കന്റോൺമെന്റ് സി ഐയും എസ് ഐയും. പിന്നീട് എസ് ഐ ഗോകുൽ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതും വിവാദത്തിലായിരുന്നു. അതിനിടെ എസ് എച്ച് ഒയുടെ 'പേടിച്ച് പോയെന്ന് പറഞ്ഞേക്ക്' എന്നുള്ള ഫേസ്ബുക്ക് കുറിപ്പും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും വീടുകളിലേക്ക് എസ് എഫ് ഐ പ്രതിഷേധ മാർച്ചും നടത്തി. അതേസമയം തന്നെ എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ പൊലീസ് പരിശോധനയും നടത്തിയിരുന്നു. ഹോസ്റ്റലിലെ ലാത്തിചാർജ്ജ് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവർക്കെതിരെയും നടപടി ആവശ്യപ്പെട്ട എസ് എഫ് എഫ്, ഈ മാസം 10 ന് മുൻപ് തീരുമാനമില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.














