തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താലാണ് ഗീതു സൈബറിടത്തില്‍ നിന്ദ്യമായ ആക്രമണം നേരിടുന്നതെന്ന് ഡിവെെഎഫ്ഐ. 

തിരുവനന്തപുരം: പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ ആക്രമണം സ്ത്രീ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താല്‍ ഗീതു സൈബറിടത്തില്‍ നിന്ദ്യമായ ആക്രമണം നേരിടുകയാണ്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോണ്‍ഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയുമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. 

തനിക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണെന്ന് ഗീതു പറഞ്ഞിരുന്നു. കോണ്‍ഗ്രസുകാരായ സ്ത്രീകളടക്കം സൈബര്‍ ആക്രമണം നടത്തി. കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയത്. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉണ്ടാകരുതെന്നും ഒന്‍പത് മാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു കോട്ടയം എസ്പിക്ക് പരാതി നല്‍കിയ ശേഷം പ്രതികരിച്ചു. ഗീതുവിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് ജെയ്ക്കും പറഞ്ഞിരുന്നു. തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. സൈബര്‍ ആക്രമണങ്ങള്‍ക്ക് പുതുപ്പള്ളി മറുപടി നല്‍കും. തെരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാനില്ലെന്നും ജെയ്ക്ക് പറഞ്ഞു. 

നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെ സോഷ്യല്‍മീഡിയയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളും ശുദ്ധ മര്യാദകേടാണെന്ന് ജെയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു. അച്ചു ഉമ്മന്‍ ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങള്‍, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീര്‍ത്തിപരമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അച്ചു ഉമ്മനും തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിരുന്നു. അച്ചുവിന്റെ പരാതിയില്‍ സെക്രട്ടറിയേറ്റ് മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

പുതുപ്പള്ളിയിൽ സഹതാപ തരംഗത്തിന് യുഡിഎഫ് ഇവന്റ് മാനേജ്മെന്റ് പദ്ധതി: ഇപി ജയരാജൻ

YouTube video player