കണ്ണൂരിൽ ഷുക്കൂറിനെ കൊന്ന് തള്ളിയതുപോലെ   കൊല്ലുമെന്ന  ഡിവൈഎഫ്ഐ  കൊലവിളി മുദ്രാവാക്യം ഇന്നലെ പുറത്തു വന്നതോടെ തന്നെ പ്രതിഷേധവും ശക്തമായിരുന്നു.

മലപ്പുറം: മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതിന് പിന്നാലെ ഡിവൈഎഫ്ഐയില്‍ അച്ചടക്ക നടപടി. മൂത്തേടം മേഖലാ സെക്രട്ടറി പി കെ ഷഫീഖിനെതിരെ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് നടപടി എടുത്തു. ഷഫീഖിനെ ഡിവൈഎഫ്ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി. പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച് കൊടുത്തത് ഷഫീഖായിരുന്നു.

കണ്ണൂരിൽ ഷുക്കൂറിനെ കൊന്ന് തള്ളിയതുപോലെ കൊല്ലുമെന്ന ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യം ഇന്നലെ പുറത്തു വന്നതോടെ തന്നെ പ്രതിഷേധവും ശക്തമായിരുന്നു. പ്രദേശത്ത് കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ ചെറിയ സംഘർഷത്തില്‍ ഇത്തരത്തിലുള്ള ഭീഷണി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയതിനെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പങ്കില്ലെന്ന് പറഞ്ഞിരുന്ന ഡിവൈഎഫ്ഐ നേതൃത്വത്തിനും പ്രകടനം വലിയ പ്രതിസന്ധിയുണ്ടാക്കി. ഇതോടെ സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സെക്രട്ടറിയറ്റ് പ്രകടനത്തെ തള്ളിപ്പറഞ്ഞു. കൊലവിളി പ്രകടനത്തില്‍ പ്രതികളായ അഞ്ചുപേരേയും ഇന്നു തന്നെ അറസ്റ്റുചെയ്യുമെന്ന് എടക്കര പൊലീസ് അറിയിച്ചു.