കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ കൊവിഡ് രോഗിയുടെ സംസ്കാര ചടങ്ങിന് സഹായം നൽകി മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശിയായ അനിൽ ഭാസ്കർ (40) ആണ് മരിച്ചത്. കൊവിഡ് ബാധിതന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. 

കൊവിഡ് വ്യാപനത്തിന്‍റെ തുടക്ക കാലം മുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അനിൽ ഭാസ്കർ. കൊവിഡ് ബാധിച്ച് മരിച്ച ഇളമ്പല്‍ മരങ്ങാട് സ്വദേശി രഘുനാഥ പിളളയുടെ മൃതദേഹം അനിലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ന് സംസ്കരിച്ചിരുന്നു. ഈ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു അനില്‍ കുഴഞ്ഞുവീണത്. ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് അനുമാനം. അനിലിന്  ഭാര്യയും ഏഴു വയസുളള മകനുമുണ്ട്. നാട്ടിലെ ഏത് കാര്യത്തിലും മുന്നിലുണ്ടായിരുന്ന ചെറുപ്പക്കാരന്‍റെ അപ്രതീക്ഷിത വേര്‍പാട് നാടിനെയൊന്നാകെ  സങ്കടത്തിലാഴ്ത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona