Asianet News MalayalamAsianet News Malayalam

പിഴ കൊടുക്കാം, ജാമ്യം അനുവദിക്കണമെന്ന് ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാര്‍; ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകൾ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കി ജയിലടക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ മുഹമ്മദ് ഫൗസ് ആരോപിച്ചു.

e bull jet bloggers  bail application verdict postponed
Author
Kannur, First Published Aug 10, 2021, 12:56 PM IST

കണ്ണൂര്‍: ഇ ബുൾ ജെറ്റ് വ്ളോഗർ സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി. നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും വ്ളോഗർമാർ കോടതിയെ അറിയിച്ചു. പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ്  ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കി ജയിലടയ്ക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ മുഹമ്മദ് ഫൗസ് ആരോപിച്ചു.

ഇ ബുൾജെറ്റ് വ്ളോഗർമാരായ ലിബിൻ, എബിൻ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിയമവിരുദ്ധമായി ട്രാവലർ രൂപം മാറ്റിയതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടി ഓഫീസിലെത്തി ബഹളംവച്ചതിന് പിന്നാലെയായിരുന്നു നടപടി. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുക്കുകയായിരുന്നു.

വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാവിലെ കണ്ണൂർ എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം  യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഓഫിലെത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്‍റെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു.

സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. പിന്നാലെ കണ്ണൂർ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എൻഫോഴ്സ്മെന്‍റ് ആർടിഒ പ്രമോദ് കുമാറിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios