Asianet News MalayalamAsianet News Malayalam

ഈ ക്ലാസിൽ ഹാജരുണ്ടോ ? സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തിൻ്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ്

സംസ്ഥാനമൊന്നിച്ച് ഡിജിറ്റൽ സൗകര്യങ്ങളൊരുക്കാൻ മുന്നിട്ടിറങ്ങുകയാണ്. അപ്പോഴും പൂർണമായും ഓൺലൈനായി മാറുമ്പോൾ ഇതൊന്നും മതിയാകില്ലെന്ന് മുന്നറിയിപ്പ്.

e class campaign  by asianet news brings issues faced by students teachers and parents into limelight
Author
Trivandrum, First Published Jun 6, 2021, 10:19 AM IST

തിരുവനന്തപുരം: അധ്യാപകരില്ലാത്തതും ഡിജിറ്റൽ സൗകര്യങ്ങളിലെ അന്തരവും നീക്കാതെ ഡിജിറ്റൽ പഠനത്തിൽ തുല്യത ഉറപ്പാക്കാൻ നമുക്ക് കഴിയില്ലെന്നാണ് ഇ-ക്ലാസിൽ ഹാജരുണ്ടോ എന്ന ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണ പരമ്പരയിൽ വ്യക്തമായത്. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനത്തിന് സൗകര്യമെത്തിക്കാൻ സംസ്ഥാനമൊന്നിച്ച് ശ്രമം തുടങ്ങി. അപ്പോഴും അധ്യാപക ക്ഷാമം തീർക്കാൻ ഇതുവരെ നടപടിയില്ല. എല്ലാ മേഖലകളും സ്പർശിച്ച ഒരാഴ്ച്ച നീണ്ട അന്വേഷണ പരമ്പരയുടെ ചുരുക്കം.

എല്ലാവരും ഡിജിറ്റൽ ക്ലാസിനൊപ്പം നീങ്ങുമ്പോൾ, ടി.വിയോ സ്മാർട്ട്ഫോണോ ഇല്ലാതെ താൻ പുറത്തായിപ്പോയ സങ്കടം തീർക്കാൻ വീട്ടിലെ ആട്ടിൻകുട്ടികൾക്കൊപ്പം പോയിരുന്നൊരു പെൺകുട്ടി.

e class campaign  by asianet news brings issues faced by students teachers and parents into limelight

പരമ്പരയിലെ ആദ്യ റിപ്പോർട്ട് വായിക്കാം: ഇ ക്ലാസിൽ ഹാജരുണ്ടോ ? പഠനം പൂർണമായി ഓൺലൈനിലേക്ക് മാറാനൊരുങ്ങുമ്പോൾ വെല്ലുവിളികൾ അനേകം

അശ്വതിയുടെ ദുരിതം കേരളത്തെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് 

Read more at:  ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി; ഒരു വർഷമായി പഠനം മുടങ്ങിയ അശ്വതിക്കും അഭിനന്ദിനും സഹായമെത്തി 

അശ്വതിയുടെ കണ്ണുനീർ കേരളം കണ്ടു. മലയോരങ്ങളിലും തരദേശങ്ങളിലും അശ്വതിയെപ്പോലെ വേറെയും കുട്ടികളുണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. സർവ്വേ നടത്തിയ 12 ശതമാനം കുട്ടികൾക്കും ഇപ്പോഴും ടിവിയില്ല. 40 ശതമാനം പേർക്ക് പഠനത്തിന് തടസ്സം ഇന്റർനെറ്റ് വേഗമില്ലാത്തത്. 14 ശതമാനം പേർക്ക് സ്മാർട്ട്ഫോണിന്റെ അഭാവം പഠനത്തിന് തടസമാണ്. പൂർണ ഓൺലൈനായി മാറാനൊരുങ്ങുമ്പോൾ ഈ വർഷം 49,000 കുട്ടികൾക്കാണ് സൗകര്യമില്ലാത്തെന്നാണ് സർക്കാർ കണക്ക്. ഈ മാസം 13നകം പരിഹരിക്കാൻ വിദ്യാഭ്യാസഡയറക്ടർ സർക്കുലറിറക്കി.

കണക്കും ശാസ്ത്ര വിഷയങ്ങളും കൈകാര്യ ചെയ്യാൻ ഇപ്പോഴും അധ്യാപകരുടെ രൂക്ഷമായ കുറവ്. അപ്പോഴും 8101 അധ്യാപകർക്ക് നിയമന ഉത്തരവും നിയമന ശുപാർശയും കൈയിൽ വെച്ച് ഇരിക്കാൻ തുടങ്ങിയിട്ട് ഒരു അധ്യയന വർഷം കഴിഞ്ഞു. 100ലേറെ എൽപി, യുപി സ്കൂളുകൾ അധ്യാപകരേയില്ലാത്തതും, ഒറ്റയധ്യാപകനോ അനധ്യാപക ജീവനക്കാരോ മാത്രമുള്ളതുമാണ്. പകരം ചുമതല നൽകി താൽക്കാലിക സംവിധാനം. പ്രധാനാധ്യാപക നിയമനം നിയമക്കുരുക്കിൽപ്പെട്ട് കോടതിയിൽ. പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകൾ 1600ലധികം വരുമെന്ന് അനൗദ്യോഗിക കണക്ക്. ബാക്കി അധ്യാപകർ ജോലിഭാരത്തിൽ വലയുകയാണ്. കോവിഡ് ഡ്യൂട്ടിയും മൂന്നും നാലും ക്ലാസുകളുടെ ഡിജിറ്റൽ പഠന ചുമതലയും. ഡിജിറ്റൽ പഠനത്തിലെ നേർക്കാഴ്ച്ചകൾ നിയമസഭയിൽ അടിയന്തിര പ്രമേയമായി.

ക്ലാസോ ലാബോ കാണാതെ, അധ്യാപകരെ കാണാതെ, ഒന്നും മനസിലാകാതെ പ്രവേശന പരീക്ഷകൾക്ക് ഒരുങ്ങേണ്ട പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മുന്നിലുള്ളത് വലിയ ആശങ്ക. പാഠഭാഗങ്ങൾ തീരാത്തതും, ക്ലാസുകൾ മനസ്സിലാകാത്തതും ചേർന്ന് പ്രതിസന്ധി. പരീക്ഷയേ വേണ്ടെന്ന് മുറവിളി. കുട്ടികൾക്കായി പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി പാതിവഴി പോലും പിന്നിട്ടില്ല. മൂന്നുമാസം പണമടച്ചാൽ കിട്ടേണ്ട ലാപ്ടോപ്പ് പത്ത് മാസം കഴിഞ്ഞിട്ടും കിട്ടാതെ പഠനം നടക്കാതെ കുട്ടികൾ. 20 ലക്ഷം പിന്നോക്ക കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റർനെറ്റ് എത്തിക്കാനുള്ള കെ ഫോൺ മുടന്തി നീങ്ങുകയാണ്.

അടച്ചിരുന്ന് ഡിജിറ്റൽ ക്ലാസ് കാലത്ത് മാനസിക സംഘർഷത്തിന് സഹായം തേടിയ കുട്ടികൾ നിരവധി. സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിൽ ഒപ്പമിരുന്ന് പഠിപ്പിക്കാൻ രക്ഷിതാക്കളില്ല. സംസ്ഥാനമൊന്നിച്ച് ഡിജിറ്റൽ സൗകര്യങ്ങളൊരുക്കാൻ മുന്നിട്ടിറങ്ങുകയാണ്. അപ്പോഴും പൂർണമായും ഓൺലൈനായി മാറുമ്പോൾ ഇതൊന്നും മതിയാകില്ലെന്ന് മുന്നറിയിപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios